അങ്കണവാടിയില്‍ ബി.ജെ.പി അതിക്രമം; അധ്യാപിക കുഴഞ്ഞുവീണു
കൊല്ലം: അങ്കണവാടിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി കുട്ടികളെ വിരട്ടുകയും അധ്യാപികയെ ഭീഷണിപ്പെടുത്തുകയും തള്ളിമാറ്റുകയും ചെയ്തു. സംഭവത്തെതുടര്‍ന്ന് കുഴഞ്ഞുവീണ കിളികൊല്ലൂര്‍ പറങ്കിമാവിള അങ്കണവാടി അധ്യാപിക സുധര്‍മ(59)യെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം. സുധര്‍മയുടെ നേതൃത്വത്തില്‍ അങ്കണവാടി തുറന്നുപ്രവര്ത്തിപ്പിക്കരുതെന്നാവശ്യപ്പെട്ടാണ് സംഘം അതിക്രമിച്ചുകയറിയത്. കഴിഞ്ഞദിവസം മറ്റൊരു അങ്കണവാടിയുടെ പരിധിയിലുള്ള യുവതിക്ക് ഗര്‍ഭിണികള്‍ക്കുള്ള പോഷകാഹാരം ഇവിടെ നിന്ന് നല്‍കിയില്ലെന്ന് പറഞ്ഞ് ഒരുസംഘം അങ്കണവാടി കമ്മിറ്റിയിലെത്തി ബഹളംവച്ചിരുന്നു. പ്രശ്നത്തില്‍ ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരും ഇടപെട്ടിരുന്നു.
അധ്യാപിക അങ്കണവാടിയില്‍ ഇനി വരരുതെന്നും സ്ഥലം മാറി പോകണമെന്നുമാണ് സംഘം ആക്രോശിച്ചത്. ബുധനാഴ്ച രാവിലെയും സംഘം അങ്കണവാടിയിലെത്തി ഭീഷണി തുടരുകയായിരുന്നു. ദലിത് വിഭാഗത്തില്‍പ്പെട്ട അധ്യാപികയെ പിടിച്ചുതള്ളുകയും തുടര്‍ന്ന് ജാതിപ്പേരു വിളിച്ച് കൈയേറ്റത്തിനൊരുങ്ങുകയും ചെയ്തു. സംഘം കുട്ടികളെ ആട്ടിപ്പായിക്കുകയും അക്രമത്തിന് മുതിരുകയും ചെയ്തതോടെ രക്തസമ്മര്‍ദ്ദം കൂടി ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ കിളിക്കൊല്ലൂര്‍ പൊലിസിന്റെ ജീപ്പിലാണ് സുധര്‍മയെ ആശുപത്രിയിലെത്തിച്ചത്. സുധര്‍മയുടെ നേതൃത്വത്തില്‍ അങ്കണവാടി ഇനി വേണ്ടെന്നും അവര്‍ മുന്‍കൈയെടുത്ത് തയാറാക്കുന്ന ഭക്ഷണം കുട്ടികള്‍ കഴിക്കരുതെന്നുമാണ് അക്രമി സംഘം പറയുന്നത്. കൂടാതെ സ്ഥലവാസികൂടിയായ സുധര്മയ്ക്കെതിരേ പോസ്റ്ററും പതിച്ചു. സംഭവത്തില്‍ കിളിക്കൊല്ലൂര്‍ എസ്.ഐ ആശുപത്രിയിലെത്തി സുധര്‍മയില്‍ നിന്ന് മൊഴിയെടുത്തു. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കിളിക്കൊല്ലൂര്‍ പൊലിസ് തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."