സിറിയയില്‍ രാസായുധ നിര്‍മാണം; ഉത്തരകൊറിയ- സിറിയ ഏകാധിപതികള്‍ ഒന്നിച്ചു
ന്യൂയോര്‍ക്ക്: അക്രമങ്ങള്‍ തകര്‍ത്ത സിറിയയില്‍ രാസായുധ നിര്‍മാണത്തിന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും സിറിയന്‍ ഏകാധിപതി ബഷാറുല്‍ അസദും ഒന്നിച്ചുവെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ചോര്‍ന്ന് ലഭിക്കുകയായിരുന്നു.
രാസായുധ നിര്‍മാണത്തിനായി ഉത്തരകൊറിയ ഉപകരണങ്ങള്‍ സിറിയയിലേക്ക് അയച്ചു. 2012-2017 കാലയളവില്‍ 40 തവണ രാസായുധ നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ കയറ്റിയയച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആസിഡിനെ പ്രതിരോധിക്കാനാവുന്ന ടൈലുകള്‍, വാല്‍വുകള്‍, പൈപ്പുകള്‍ തുടങ്ങിയവ വന്‍തോതില്‍ കൈമാറിയിട്ടുണ്ട്.
സിറിയയിലെ ആയുധ നിര്‍മാണ ശാലകളില്‍ ഉത്തരകൊറിയന്‍ മിസൈല്‍ ഗവേഷകര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കിഴക്കന്‍ ഗൗഥയില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധ പ്രയോഗം നടത്തിയിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിരിക്കെയാണ് യു.എന്നിന്റെ റിപ്പോര്‍ട്ട് ചോരുന്നത്. ചൈനീസ് വ്യാപാര കമ്പനിയുടെ സഹായത്തോടെ 2016 അവസാനവും 2017 ആദ്യവുമായി അഞ്ച് കപ്പല്‍ നിറയെ രാസായുധ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉത്തരകൊറിയ സിറിയയിലെത്തിച്ചിട്ടുണ്ട്.
ഇതിന് പുറമെ മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ 'സംശയാസ്പദമായ വസ്തുക്കള്‍' ഉത്തരകൊറിയ സിറിയക്ക് കൈമാറിയതായി വിവരമുണ്ട്. എന്നാല്‍ തങ്ങളുടെ കപ്പലുകള്‍ ഉത്തരകൊറിയക്ക് ആയുധങ്ങള്‍ കൈമാറാന്‍ സഹായിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള കണ്ടെത്തലുകള്‍ക്ക് തെളിവുകളൊന്നുമില്ലെന്നും ചൈന പ്രതികരിച്ചു.
ഉത്തരകൊറിയ സിറിയക്ക് രാസായുധ ഉപകരണങ്ങള്‍ കൈമാറുന്നതിനെതിരേ യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് വിമര്‍ശിച്ചു.
രാസായുധ നിര്‍മാണവുമായി ബന്ധപ്പെട്ട് എല്ലാരാഷ്ട്രങ്ങളും അംഗീകരിച്ച നിര്‍ദേശങ്ങള്‍ സിറിയക്കും ഉത്തരകൊറിയക്കും ബാധകമാണെന്ന് വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."