പ്രതീക്ഷകള്‍ സജീവമാക്കി ഗോവ; ബ്ലാസ്റ്റേഴ്സ് പുറത്ത്
ഫട്ടോര്‍ദ: നിര്‍ണായക പോരാട്ടത്തില്‍ എ.ടി.കെയെ സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് എഫ്.സി ഗോവ സെമി പ്രതീക്ഷകല്‍ കൂടുതല്‍ സജീവമാക്കി. ഗോവയുടെ വമ്പന്‍ ജയം കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന പ്രതീക്ഷയുടെ കച്ചിത്തുരുമ്പും ഇല്ലാതാക്കി. ഫലത്തില്‍ ബ്ലാസ്റ്റേഴ്സ് സെമിയില്‍ കടക്കാതെ പുറത്തായി. ഇന്ന് ബംഗളൂരുവിനെ നേരിടാനിരിക്കുന്ന ടീമിന് ആശ്വാസ വിജയം മാത്രം തേടിയിറങ്ങാം. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഗോവ- ജംഷഡ്പൂരുമായി ഏറ്റുമുട്ടും. ഈ മത്സരത്തില്‍ ആര് വിജയിക്കുന്നുവോ അവര്‍ സെമിയിലേക്ക് കടക്കും. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ 28 പോയിന്റുമായി മികച്ച ഗോള്‍ ശരാശരിയുടെ ബലത്തില്‍ ഗോവ സെമിയിലേക്ക് കടക്കും.
ഇരട്ട ഗോളുകളുമായി ലാന്‍സരോറ്റെ താരമായപ്പോള്‍ സെര്‍ജി ജസ്റ്റ്, കോറോമിനസ്, സിഫ്നിയോസ് എന്നിവരും ശേഷച്ച ഗോളുകള്‍ വലയിലാക്കി. എ.ടി.കെയുടെ ആശ്വാസ ഗോള്‍ റോബി കീനിന്റെ വകയായിരുന്നു.
പുറത്തായി കഴിഞ്ഞ ബ്ലാസ്റ്റേഴ്സും ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ബംഗളൂരുവിനും ഇന്നത്തെ മത്സരം വലിയ പ്രാധാന്യമില്ല. പട്ടികയില്‍ ഏറ്റവും മുകളിലുള്ള ബംഗളൂരുവിന് വിജയിച്ചു കൊണ്ടിരിക്കുന്ന ടീമിന് ഒരു ജയം കൂടി എന്നേ ഈ കളിയെ കാണാനുള്ളൂ. ബ്ലാസ്റ്റേഴ്സിന് ആശ്വാസ വിജയം മാത്രമാണ് പ്രതീക്ഷിക്കാനുള്ളത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും കേരളത്തിന് തോല്‍വി അറിയേണ്ടി വന്നിട്ടില്ല. രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങേണ്ടി വന്നതാണ് അവര്‍ക്ക് വിനയായത്. എ.ടി.കെ കൊല്‍ക്കത്തയോടും ചെന്നൈയില്‍ എഫ്.സിയോടുമാണ് ടീം സമനിലയില്‍ പിരിഞ്ഞത്.
രണ്ടാം സ്ഥാനത്തുള്ള പൂനെ സിറ്റി എഫ്.സിയേക്കാള്‍ എട്ട് പോയിന്റ് മുന്നിലാണ് ബംഗളൂരു എഫ്.സി. സൂപ്പര്‍ ലീഗില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമാണ് ബംഗളൂരു. അവസാനത്തെ ഏഴ് കളികളില്‍ ആറും അവര്‍ ജയിച്ചു. ലീഗില്‍ ഇത് ഞങ്ങളുടെ അവസാന മത്സരമാണ്. ഇതിലും വിജയിക്കുക എന്നതാണ് ലക്ഷ്യം. പ്ലേ ഓഫിലും ശക്തമായി നില്ക്കണമെങ്കില് ഈ കളിയും ജയിക്കണം. അതിനാല്‍ മികച്ച കളി തന്നെയായിരിക്കും പുറത്തെടുക്കുക. ബംഗളൂരു എഫ്.സി കോച്ച് ആല്‍ബര്‍ട്ട് റോക്ക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."