ഇതൊരു രാഷ്ട്രീയ കാര്യമാണ്
വെള്ളിവെളിച്ചത്തില്‍ ചിത്രീകരിച്ച് ഇരുട്ടില്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രമെന്ന ശാസ്ത്രകല വൈരുധ്യങ്ങളുടെ കൂടാരമാണ്. ശാസ്ത്രകല എന്നു പറയുന്നതില്‍ തന്നെയുണ്ടല്ലോ ഒരു വൈരുധ്യം. വെള്ളിത്തിരയില്‍ നന്മയുടെ ആള്‍രൂപമായി നിറഞ്ഞാടുന്നവര്‍ പലരും നിത്യജീവിതത്തില്‍ തിന്മയുടെ ആകത്തുകയാവും. നേരെ മറിച്ചും കാണും. ഏത് മേഖലയിലുമെന്നതുപോലെ ഇരുളും വെളിച്ചവും ഇടകലര്‍ന്നതാണ് ചലച്ചിത്രലോകമെന്ന് പൊതുവെ പറയാമെങ്കിലും, ജീവിതത്തില്‍ ധാര്‍മികത മുറുകെപിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒട്ടും ആശ്വാസം നല്‍കുന്നതല്ല ഈ മായികലോകം. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ഒട്ടേറെ തിന്മകള്‍ക്ക് അറിഞ്ഞോ അറിയാതെയോ എണ്ണ പകരുന്നതാണ് ചലച്ചിത്രമെന്ന വിമര്‍ശനം അതുകൊണ്ടുതന്നെ കണ്ണടച്ചു തള്ളാനുമാവില്ല. എന്നുകരുതി സിനിമക്കാരെല്ലാം കരിവേഷക്കാര്‍ എന്നു ചാപ്പകുത്തി അടച്ചാക്ഷേപിക്കേണ്ടതുമില്ല. വിശിഷ്യാ രാഷ്ട്രീയമടക്കമുള്ള ഇതര മേഖലകള്‍ കൂടുതല്‍ കൂടുതല്‍ ഇരുണ്ടുവരുന്ന സമകാലികാന്തരീക്ഷത്തില്‍. അന്ധകാരം അനുദിനം നമുക്കു ചുറ്റും കുമിഞ്ഞു കൂടുമ്പോള്‍ ഇത്തിരി വെട്ടവുമായി നില്‍ക്കുന്നവര്‍, അവര്‍ ആരുമാകട്ടെ തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനം ആ നിലക്ക് വേണം വിലയിരുത്താന്‍.
തമിഴ് ചലച്ചിത്രമേഖലയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വരുന്ന ആദ്യ വ്യക്തിയല്ല കമല്‍ഹാസന്‍. എം.ജി.ആര്‍, ശിവാജിഗണേശന്‍, ജയലളിത, വിജയകുമാര്‍, ശരത്കുമാര്‍, നെപ്പോളിയന്‍ തുടങ്ങിയ ഒരു നീണ്ട നിര തന്നെ കമല്‍ഹാസനു മുന്‍ഗാമികളായുണ്ട്. ഇവരില്‍ ചിലര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുക മാത്രമല്ല മുഖ്യമന്ത്രിപദം വരെ കരസ്ഥമാക്കിയിട്ടുമുണ്ട്. ഏറെക്കാലം തമിഴ്‌നാട് ഭരിച്ച എം.കരുണാനിധി പോലും സിനിമാ പശ്ചാത്തലത്തില്‍ നിന്നു വന്ന വ്യക്തിയാണ്. ഏതൊരു ജനതക്കും അവരുടെ ഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ അവകാശവും അധികാരവുമുണ്ട്. ഒരു ജനവിധിയേയും താഴ്ത്തിക്കെട്ടേണ്ട കാര്യമില്ല. തമിഴ്‌നാട്ടിലെ സിനിമക്കാരുടെ ഭരണം ഇതര സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരുടെ ഭരണത്തേക്കാള്‍ മോശമെന്നു പറയാന്‍ ന്യായങ്ങളൊന്നുമില്ല. എന്നു മാത്രമല്ല, മതനിരപേക്ഷതയുടെ കാര്യത്തില്‍ തനി രാഷ്ട്രീയക്കാരെക്കാളും ഒരുപടി മുന്നിലാണ് സിനിമാ രാഷ്ട്രീയക്കാരെന്ന് പറയാതിരിക്കാനുമാവില്ല. തമിഴ്‌നാട്ടില്‍ വര്‍ഗീയ രാഷ്ട്രീയക്കാരുടെ കടന്നുകയറ്റം ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തിയത് അവിടുത്തെ ദ്രാവിഡ-സിനിമാ പാരമ്പര്യമാണെന്ന കാര്യം കാണാതിരിക്കരുത്. ഇപ്പോള്‍ കമല്‍ഹാസന്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതും ഈ പൈതൃകം തന്നെയാണ്.
ഏതൊരു പാര്‍ട്ടിയെയും വിലയിരുത്താനും വിമര്‍ശിക്കാനും പൊതുസമൂഹത്തിന് അവകാശമുണ്ട്. ആ നിലക്ക് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയെയും വിശകലനം ചെയ്യാവുന്നതാണ്. പക്ഷേ, തിടുക്കപ്പെട്ട് മുന്‍വിധികളോടെ വിമര്‍ശിച്ച് ആരെയും ശത്രുപക്ഷത്തേക്ക് തള്ളിക്കയറ്റേണ്ടതില്ല. ചില രാഷ്ട്രീയ ജ്യോതിഷികള്‍ കവടിനിരത്തി ഇപ്പോഴേ പണി തുടങ്ങിക്കഴിഞ്ഞു. മുമ്പ് ആം ആദ്മി പാര്‍ട്ടിയുമായി അരവിന്ദ് കെജ്‌രിവാള്‍ രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ സംഘ്പരിവാറിനൊരു സന്തതസഹചാരി എന്നു പ്രവചിച്ചവരാണിവര്‍. പാര്‍ട്ടി പിറന്നിട്ട് അര പതിറ്റാണ്ടു കഴിഞ്ഞു. ഇന്നുവരെ ഹിന്ദുത്വവാദികളുമായി സന്ധിചെയ്യാന്‍ കെജ്‌രിവാളോ അദ്ദേഹത്തിന്റെ ഭരണമോ തയാറായിട്ടില്ല. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കണ്ണിലെ കരടാണ് അദ്ദേഹമിപ്പോള്‍. കമല്‍ഹാസന്റെ വഴിയും ഇക്കാര്യത്തില്‍ വ്യത്യസ്തമാവാനിടയില്ല.
നാളെ ഇവര്‍ എവിടെ നില്‍ക്കുമെന്നോര്‍ത്ത് ഇന്നേ വേവലാതിപ്പെടേണ്ട കാര്യമില്ല. നാളെ എന്നത് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ വലിയ ചോദ്യമേയല്ല. അങ്ങനെയൊരു കാലമുണ്ടായിരുന്നു. അതികായരായ നേതാക്കള്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കാലം. അവര്‍ നാളെയെക്കുറിച്ച് സ്വപ്നം കാണുകയും അതിലേക്ക് രാജ്യത്തെ നയിക്കുകയും ചെയ്ത നല്ല കാലമായിരുന്നു അത്. ഇന്ന് ഇത്തിരിക്കുഞ്ഞന്മാരായ നേതാക്കളാണ്. ഒരു തെരഞ്ഞെടുപ്പിനപ്പുറം അവര്‍ക്ക് കാഴ്ചപ്പാടില്ല. ആമാശയത്തിനപ്പുറം ആശയമില്ല. ബിഹാറില്‍ നിതീഷ്‌കുമാര്‍ ചെയ്ത പോലെ ഒറ്റപ്പകല്‍ കൊണ്ട് അവര്‍ മുന്നണി മാറി വര്‍ഗീയ ചേരിക്കൊപ്പം നില്‍ക്കും. ത്രിപുരയിലും മേഘാലയയിലും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതു പോലെ കോണ്‍ഗ്രസ് ഓഫീസില്‍ ബി.ജെ.പി ബോര്‍ഡ് സ്ഥാപിച്ച് കൂട്ടത്തോടെ കൂറുമാറും. തനി രാഷ്ട്രീയക്കാര്‍ തുടരുന്ന ഈ കൊടും ചതി സിനിമാ രാഷ്ട്രീയക്കാര്‍ ചെയ്യാനിടയില്ല. അതുകൊണ്ട് കമല്‍ഹാസനെ മാത്രമല്ല, പ്രകാശ്‌രാജിനെയും അവരുടെ ഇന്നത്തെ നിലപാട് മാനിച്ച് വിശ്വസിക്കാം. അവരോടൊപ്പം അണിചേര്‍ന്നില്ലെങ്കിലും ആവശ്യമില്ലാതെ അധിക്ഷേപിച്ച് വെറുതെ ഊര്‍ജം കളയാതിരിക്കാം. നടന്‍ വിജയ്‌യുടെ 'മെര്‍സല്‍' എന്ന സിനിമ ജി.എസ്.ടിയെ വിമര്‍ശിക്കുന്നു എന്നു പറഞ്ഞ് സംഘ്പരിവാര്‍ ഇളകിയപ്പോള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിച്ചവരാണ് സിനിമാപ്രവര്‍ത്തകര്‍. ബുദ്ധിജീവികളെന്നു നടിക്കുന്ന സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരില്‍ നിന്നു പോലും ഇത്തരമൊരു പ്രതിരോധം രാജ്യം കണ്ടിട്ടില്ല. പരമ്പരാഗത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അര നൂറ്റാണ്ടുകൊണ്ട് ചെയ്യാനാവാത്ത ചിലത് അര നാഴിക കൊണ്ട് ചെയ്യാന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് സാധിക്കും. സെലിബ്രിറ്റികളുടെ സ്വാധീനശക്തി അത്ര ശക്തമാണ്. അവരുടെ പ്രഹരശേഷിയും പ്രേരണാശേഷിയും കുറച്ചു കാണരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."