റമദാനെ വരവേല്‍ക്കാന്‍ ഹറം ഒരുങ്ങി
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: അടുത്തയാഴ്ച വിശുദ്ധ റമദാന് ആരംഭിക്കാനിരിക്കേ മക്കയിലും മദീനയിലും ഒരുക്കങ്ങള്‍ തകൃതിയായി. റമദാനിലെ ഉംറ തീര്‍ഥാടനം സഫലീകരിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിശ്വാസികളുടെ ഒഴുക്കു തുടരുകയാണ്.
സുരക്ഷയ്ക്കായി മക്കയിലെ ഗ്രാന്‍ഡ് മസ്ജിദിനെ ഏഴു സോണുകളാക്കി തിരിച്ചു. വിശ്വാസികളുടെ ഒഴുക്കും സുരക്ഷിതത്വവും കണക്കിലെടുത്താണിത്. ഇതില്‍ ആറു സോണുകളിലും സദാസമയവും 200 നിരീക്ഷകരുണ്ടാകും.
ഹറം പള്ളി വികസനം നടക്കുന്ന കിങ് അബ്ദുള്ള എക്സ്പാന്ഷന് പ്രൊജക്ട് ഭാഗത്തെയാണ് ഒന്നാം സോണായി കണക്കാക്കുന്നത്.
ഉംറ തീര്‍ഥാടനത്തിനെത്തുന്നവര്‍ക്കായി പ്രത്യേകം പാതകളുമൊരുക്കും. ലോകത്തെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമം നടക്കുന്ന ഹറം പള്ളിയുടെ മുറ്റത്ത് ഇതിനായി പ്രത്യേക വിഭാഗത്തിന്റെ കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മക്കയിലും മദീനയിലും റമദാനില്‍ ഇടതടവില്ലാതെ വാനനിരീക്ഷണം ശക്തമാക്കുമെന്നു സെക്യൂരിറ്റി ഏവിയേഷന്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ ഈദ് അല്‍ ഹര്‍ബി വ്യക്തമാക്കി.
ആഭ്യന്തരമന്ത്രാലയം നല്കുന്ന പ്രത്യേക സംരക്ഷണത്തിന്റെ ഭാഗമാണിത്. രാത്രികാല നിരീക്ഷണ സംവിധാനം, എയര്‍ ആംബുലന്‍സ്, തെര്‍മല്‍ കാമറകള്‍, ആധുനിക കമ്മ്യൂണിക്കേഷന്‍, എമര്‍ജന്‍സി റെസ്ക്യൂ സംവിധാനങ്ങളുമുണ്ടാകും.
1,80,000 സുരക്ഷാ ഓഫിസര്‍മാരാണ് ഇരു ഹറമുകളിയും സേവനത്തിനിറങ്ങുക. ഹജ്ജ്, ഉംറ സുരക്ഷാ സേന , ഹറം കാര്യ പൊലിസ്, മക്ക പൊലിസ്, ഇരു ഹറം സെക്യൂരിറ്റി എന്നീ വിഭാഗങ്ങളിലായാണ് ഇത്രയും സേനാംഗങ്ങളെ രംഗത്തിറക്കുന്നത്.
ഹറം പള്ളികളുടെ പ്രവേശന കവാടങ്ങളില്‍ കംപ്യൂട്ടര്‍ സുരക്ഷാപരിശോധനയും ഏര്‍പ്പാടുക്കുന്നുണ്ട്. 750 കാമറകളും സദാസമയ നിരീക്ഷണം നടത്തും.
ഹറം മസ്ജിദിലേക്കുള്ള 210 കവാടങ്ങളും മുഴുവന്‍ സമയവും തുറന്നിടുകയും തീര്‍ഥാടകരുടെ തിരക്കിന്റെ തോത് പുറത്തുള്ള തീര്‍ഥാടകരെ അറിയിക്കാനായി കവാടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ചുവപ്പും പച്ചയും നിറങ്ങളിലുള്ള ഡിജിറ്റല്‍ ലൈറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം ചേര്‍ന്ന സഊദി മന്ത്രിസഭ മക്കയിലെയും മദീനയിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."