എറണാകുളം ജനറല്‍ ആശുപത്രിക്കും രഞ്ജിനി രാമാനന്ദിനും സേഫ്റ്റി കൗണ്‍സില്‍ പുരസ്‌കാരം
കൊച്ചി: നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ ഈ വര്‍ഷത്തെ സുരക്ഷാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ആശുപത്രിക്കുള്ള സുരക്ഷാ പുരസ്‌കാരം എറണാകുളം ജനറല്‍ ആശുപത്രി നേടി. കൗണ്‍സിലിന്റെ സാമൂഹ്യ സുരക്ഷാ അവാര്‍ഡിന് എറണാകുളത്ത് കെട്ടിടത്തില്‍ നിന്ന് വീണ് മരണാസന്നനായി കിടന്നയാളെ ആശുപത്രിയിലെത്തിച്ച അഡ്വ. രഞ്ജിനി രാമാനന്ദിനെ തിരഞ്ഞെടുത്തു. മികച്ച സുരക്ഷാ നിര്‍വഹണത്തിനുള്ള വന്‍കിട (കെമിക്കല്‍ )വ്യവസായ സ്ഥാപനത്തിനുള്ള അവാര്‍ഡ് എഫ്.എ.സി.ടി അമ്പലമേട് യൂനിറ്റിനാണ്. കെമിക്കല്‍, എന്‍ജിനീയറിങ് ഒഴികെയുള്ള വ്യവസായ സ്ഥാപനത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം പേരൂര്‍ക്കട എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിനാണ്.
പുരസ്‌കാരം നേടിയ മറ്റുള്ളവര്‍. വന്‍കിട കെമിക്കല്‍ വ്യവസായം: സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കോലഞ്ചേരി, എന്‍ജിനീയറിങ് വ്യവസായം: ഐ.ടി.ഐ ലിമിറ്റഡ് കഞ്ചിക്കോട് വെസ്റ്റ്, പാലക്കാട്. കെമിക്കല്‍, എന്‍ജിനീയറിങ് ഒഴികെയുള്ള വ്യവസായങ്ങള്‍: പാറ്റ്‌സ്പിന്‍ ഇന്ത്യ ലിമിറ്റഡ്, പാലക്കാട്. ഇടത്തരം കെമിക്കല്‍ വ്യവസായങ്ങള്‍: ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ ലിമിറ്റഡ് , ടാറ്റാപുരം, എറണാകുളം. ഇടത്തരം എന്‍ജിനീയറിങ് വ്യവസായങ്ങള്‍: നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഒഷീനോഗ്രാഫിക് ലബോറട്ടറി, കൊച്ചി.
ജി.എസ് ധാരാസിങ് സ്മാരക സുരക്ഷാ പുരസ്‌കാരം മാതൃഭൂമി റിപ്പോര്‍ട്ടര്‍ പി.പി ലിബീഷ്‌കുമാറിനാണ്. നാഷനല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ ഓണററി സെക്രട്ടറി എം തോമസ് കടവന്‍, ട്രഷറര്‍ കെ.എം ജോര്‍ജ്, ഡയറക്ടര്‍ ജോര്‍ജ് നൈനാന്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ദേശീയ സുരക്ഷാ ദിനമായ നാലിന് വൈകിട്ട് 3.30 ന് കളമശ്ശേരി പ്രൊഡക്ടിവിറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. കെ.വി തോമസ് എം.പി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."