സഊദിയില്‍ തലക്കടിയേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി
ജിദ്ദ: നാലര വര്‍ഷം മുമ്പ് റിയാദില്‍ തലക്കടിയേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചു. വാക്കുതര്‍ക്കത്തിനിടെ, സഹോദരങ്ങളായ രണ്ട് സഊദി യുവാക്കളുടെ അടിയേറ്റ് മരിച്ച പാലക്കാട് കൈപ്പുറം സ്വദേശി പനച്ചിക്കല്‍ ഹൗസില്‍ മുഹമ്മദലി പൂഴിക്കുന്നത്തിന്റെ കുടുംബത്തിനാണ് പ്രതികള്‍ മോചനദ്രവ്യമായി കോടതില്‍ കെട്ടിവച്ച നാലുലക്ഷം റിയാല്‍ (71 ലക്ഷത്തിലധികം രൂപ) ലഭിച്ചത്.
കുടുംബം മാപ്പു നല്‍കിയതിനാല്‍ വധശിക്ഷ ലഭിക്കാവുന്ന കേസില്‍നിന്ന് പ്രതികളായ ഹസന്‍ അലി, യാസിര്‍ അലി എന്നിവര്‍ രക്ഷപ്പെട്ടിരുന്നു. റിയാദിലെ കോടതിയില്‍ സമര്‍പ്പിച്ച ചെക്ക് പണമായി അനന്തരാവകാശികളുടെ അക്കൗണ്ടിലെത്താന്‍ രണ്ടുവര്‍ഷത്തിലേറെ സമയമെടുത്തു.
നിയമനടപടികളുടെ നിരവധി കടമ്പകള്‍ അനന്തരാവകാശികളുടെ മുന്നിലുണ്ടായിരുന്നു. എല്ലാ നടപടികളും പൂര്‍ത്തിയായി ഭാര്യയുടെയും മക്കളുടെയും ബാങ്ക് അക്കൗണ്ടുകളില്‍ പണം ക്രെഡിറ്റ് ചെയ്തതായ വിവരം റിയാദിലെ ഇന്ത്യന്‍ എംബസിക്കും വിഷയത്തില്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിനും ലഭിച്ചു.
2013 ആഗസ്റ്റ് ആറിനാണ് മരണത്തിനിടയാക്കിയ സംഭവമുണ്ടായത്. റിയാദ് ദാഖല്‍ മഅദൂദില്‍ ഹൗസ് ഡ്രൈവറായിരുന്ന മുഹമ്മദലിക്ക് ബദീഅയിലെ സൂഖ് ശഅബിയയുടെ മുമ്പില്‍വച്ച് യുവാക്കളില്‍ നിന്ന് അടിയേറ്റു. വാഹനത്തിനു സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.
പ്രകോപിതരായ പ്രതികള്‍ മുഹമ്മദലിയുടെ തലയിലും മുഖത്തും ഇടിക്കുകയായിരുന്നു. ദൃസാക്ഷിയായ സ്വദേശി പൗരന്‍ ഇടപെട്ട് ഇരുകൂട്ടരേയും പിന്തിരിപ്പിച്ചു. തിരികെ വീട്ടിലെത്തിയ മുഹമ്മദലി കുഴഞ്ഞുവീണു. കിങ് സല്‍മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആറു ദിവസത്തിനുശേഷം മരിച്ചു.
ബദീഅ പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായി. കേസ് തുടരുന്നതിനിടെ ഇന്ത്യന്‍ എംബസിയുടെ ചെലവില്‍ മൃതദേഹം നാട്ടിലയച്ചു.
ബന്ധുക്കളും എംബസിയും കേസ് നടത്താന്‍ ശിഹാബ് കൊട്ടുകാടിനെ ചുമതലപ്പെടുത്തി. കേസില്‍ പബ്ലിക് റൈറ്റ് പ്രകാരം കോടതി ഒന്നാം പ്രതി ഹസന്‍ അലിക്ക് അഞ്ചുവര്‍ഷത്തേയും രണ്ടാം പ്രതി യാസര്‍ അലിക്ക് രണ്ടര വര്‍ഷത്തേയും തടവുശിക്ഷ വിധിച്ചു.
പ്രൈവറ്റ് റൈറ്റ് പ്രകാരം കൊലപാതക കേസില്‍ വിധിക്കുക വധശിക്ഷയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മരണപ്പെട്ടയാളുടെ അനന്തരാവകാശികളുടെ അഭിപ്രായം ആരാഞ്ഞശേഷമേ കോടതി വിധി തീര്‍പ്പിലെത്താറുള്ളൂ. ഈ സാധ്യത മുന്നില്‍ കണ്ട് കുടുംബത്തെ കൊണ്ട് മാപ്പ് നല്‍കാന്‍ പ്രേരിപ്പിക്കുന്നതിന് പ്രതികളുടെ പിതാവ് ശിഹാബിനെ സമീപിച്ച് ഒത്തുതീര്‍പ്പിന് ശ്രമം നടത്തി.
പകരം മോചനദ്രവ്യമായി കോടതി നിശ്ചയിക്കുന്ന തുക നല്‍കാമെന്നും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് 2015 ഒക്‌ടോബര്‍ 25ന് കോടതി പ്രതികള്‍ക്ക് ഇളവ് നല്‍കി. ആദ്യം വിധിച്ച തടവുശിക്ഷ മാത്രം അനുഭവിച്ച ശേഷം ജയില്‍ മോചിതരാവാന്‍ അനുവാദവും നല്‍കി. അന്ന് മോചനദ്രവ്യമായി കോടതിയില്‍ നല്‍കിയ നാലു ലക്ഷം റിയാലിന്റെ ചെക്ക് 2017 ജനുവരിയിലാണ് ഇന്ത്യന്‍ എംബസിയിലെത്തിയത്. തുടര്‍ന്ന് എംബസി ചെക്ക് വീട്ടുകാര്‍ക്ക് കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."