സിറിയക്കെതിരേ യുദ്ധക്കുറ്റം ചുമത്താന്‍ യു.എന്‍ നീക്കം
ജനീവ: സിറിയയില്‍ സ്വന്തം പൗരന്മാര്‍ക്കെതിരേ ബോംബ് വര്‍ഷം തുടരുന്ന സര്‍ക്കാര്‍ സൈന്യത്തിനെതിരേ യു.എന്‍ യുദ്ധക്കുറ്റം ചുമത്തിയേക്കും. യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ സൈദ് റഅദ് അല്‍ ഹുസൈന്‍ അറിയിച്ചതാണ് ഇക്കാര്യം. സിറിയയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ തിരിച്ചറിഞ്ഞുവരികയാണെന്നും അത്തരക്കാര്‍ ഭാവിയില്‍ കടുത്ത വിചാരണയും ശിക്ഷയും നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനീവയില്‍ ബ്രിട്ടന്റെ ആവശ്യ പ്രകാരം ചേര്‍ന്ന അടിയന്തര ചര്‍ച്ചയെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൈദ് റഅദ് അല്‍ ഹുസൈന്‍. 'അന്താരാഷ്ട്ര സമൂഹം സിറിയന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരേ ഒറ്റക്കെട്ടായ അപൂര്‍വ സംഭവമുണ്ടായിട്ടു വരെ കിഴക്കന്‍ ഗൗഥയില്‍ ആക്രമണം തുടരുകയാണെന്ന വാര്‍ത്തകളാണു ലഭിക്കുന്നത്. കിഴക്കന്‍ ഗൗഥയിലും സിറിയയുടെ മറ്റു ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത് യുദ്ധക്കുറ്റത്തിനു സമാനമാണെന്ന് ഊന്നിപ്പറയുകയാണ്. ഇത് മനുഷ്യകുലത്തിനെതിരായ കുറ്റകൃത്യമാണ്. ദിവസവും നിരവധി നാട്ടുകാരാണ് മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നത്.'-സൈദ് റഅദ് ഹുസൈന്‍ പറഞ്ഞു.
സിറിയന്‍ സംഭവം അന്താരാഷ്ട്ര കോടതിയില്‍ എത്തേണ്ടതുണ്ടെന്നും നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനും കുറ്റവാളികള്‍ക്ക് സംരക്ഷണമൊരുക്കാനുമുള്ള നീക്കങ്ങള്‍ ലജ്ജാകരമാണെന്നും സൈദ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 24ന് ചേര്‍ന്ന യു.എന്‍ രക്ഷാസമിതി സംഭവം അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്കു വിടാനുള്ള നീക്കം സിറിയയുടെ സഖ്യകക്ഷി കൂടിയായ റഷ്യ തടഞ്ഞിരുന്നു. എന്നാല്‍, ഒരു മാസത്തേക്കുള്ള വെടിനിര്‍ത്തല്‍ പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കിയെങ്കിലും ഇത് അനുസരിക്കാന്‍ സിറിയ കൂട്ടാക്കിയിരുന്നില്ല.
മനുഷ്യാവകാശ സമിതി തലവന്‍ വിഷയത്തില്‍ പക്ഷപാതപരമായാണു പെരുമാറുന്നതെന്ന് യു.എന്നിലെ സിറിയന്‍ അംബാസഡര്‍ ഹുസ്സാം അഅ്‌ല ആരോപിച്ചു. ഇന്നലെ ചേര്‍ന്ന ചര്‍ച്ച രാഷ്ട്രീയപ്രേരിതമാണെന്നും സാധാരണക്കാരെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സിറിയന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ അതിക്രമങ്ങളെയും അപലപിച്ചുകൊണ്ടുള്ള പ്രമേയം ബ്രിട്ടീഷ് അംബാസഡര്‍ ജൂലിയന്‍ ബ്രാത്ത്‌വെയ്റ്റ് അവതരിപ്പിച്ചു. ഗൗഥയില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെ കുറിച്ച് യു.എന്‍ യുദ്ധക്കുറ്റാന്വേഷകര്‍ അന്വേഷണം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രമേയത്തിനു മേലുള്ള വോട്ടെടുപ്പ് തിങ്കളാഴ്ചത്തേക്കു മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."