ത്രിപുരയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു 59 സീറ്റുകളില്‍ ഒന്നില്‍പോലും വിജയിക്കാനായില്ല
അഗര്‍ത്തല: ത്രിപുരയില്‍ 25 വര്‍ഷം നീണ്ടുനിന്ന സി.പി.എം ഭരണത്തിന് അന്ത്യം കുറിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ക്കുമാത്രമല്ല സംസ്ഥാന കോണ്‍ഗ്രസിനും നേരിട്ടത് കനത്ത തിരിച്ചടി. 2013ലെ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകളുമായി മുഖ്യപ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് ബി.ജെ.പിയുടെ ശക്തമായ കാറ്റില്‍ പിടിച്ചു നില്‍ക്കാന്‍പോലുമായില്ല. കോണ്‍ഗ്രസിന്റെ സാന്നിധ്യം പോലും ഇത്തവണ ഇവിടെ മായ്ച്ചു കളഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം.
അഗര്‍ത്തല മണ്ഡലത്തെ സ്ഥിരമായി പ്രതിനിധീകരിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് സുദീപ് റോയ് ബര്‍മന്‍ അഞ്ച് എം.എല്‍.എമാരോടൊപ്പം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തിരിച്ചടിക്കും തകര്‍ച്ചക്കും തുടക്കം കുറിച്ചത്. സുധീപ് റോയ് ബര്‍മനൊപ്പം ആശിഷ് കുമാര്‍ സാഹ, ദിലീപ് സര്‍ക്കാര്‍, പരന്‍ജിത് സിങ് റോയ്, ഹര്‍ഗ്വാള്‍, ദിബാ ചന്ദ്ര, ബിശ്വ ബന്ധു സെന്‍ എന്നിവരാണ് തൃണമൂലില്‍ ചേരുകയും താമസിയാതെ ഇവര്‍ ബി.ജെ.പിയില്‍ ചേക്കേറുകയും ചെയ്തതോടെ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായി ബി.ജെ.പി മാറി. ഇവര്‍ക്കുപിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് എത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവലം 15,000 അംഗങ്ങള്‍ മാത്രമായിരുന്നു ബി.ജെ.പിയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് രണ്ടുലക്ഷത്തിലധികമായിട്ടുണ്ട്. എന്നാല്‍ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടെങ്കിലും 59 മണ്ഡലത്തിലും ആരുമായും കൂട്ടുകെട്ടില്ലാതെയാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഒരൊറ്റ സീറ്റില്‍ പോലും വിജയിക്കാനാകാതെ തകര്‍ന്നടിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."