പുതിയ മദ്യനയം ഈ മാസം; 500 കള്ളുഷാപ്പുകളും 152 ബാറുകളും തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ 152 ബാറുകളും 500 കള്ളുഷാപ്പുകളും അടുത്തയാഴ്ച തുറക്കും. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും. ബാറുകള്‍ തുറക്കുന്നതില്‍ പൊതുമാനദണ്ഡവും നിശ്ചയിക്കും. തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകും. പൂട്ടിയ മൂന്ന് ത്രീസ്റ്റാര്‍ ബാറുകളും 149 ബിയര്‍, വൈന്‍ പാര്‍ലറുകളുമാണ് ഉടന്‍ തുറക്കുക. അഞ്ച് ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ കിട്ടുന്നമുറയ്ക്ക് ബാറുകള്‍ അനുവദിക്കും. 500 കള്ളുഷാപ്പുകളും തുറക്കും. കൂടാതെ കെ.ടി.ഡി.സിയുടെ കീഴില്‍ 500 ബിയര്‍ പാര്‍ലറുകളും തുറക്കും.
വരുമാനത്തിന്റെയും ജനസാന്ദ്രതയുടെയും അടിസ്ഥാനത്തില്‍ പഞ്ചായത്തുകളെ നഗരപഞ്ചായത്തുകളാക്കി മാറ്റാനുള്ള ചട്ടഭേദഗതി കൊണ്ടുവരണമെന്ന് നിര്‍ദേശിച്ച് എക്‌സൈസ് വകുപ്പ് മാസങ്ങള്‍ക്കുമുന്‍പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കാനാവശ്യമായ റിപ്പോര്‍ട്ട് നല്‍കാന്‍ എക്‌സൈസ് മന്ത്രി അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, പുതിയ മദ്യനയം തയാറാക്കുന്നതിന്റെ പണിപ്പുരയിലേക്ക് എക്‌സൈസ് വകുപ്പ് കടന്നു. 15നകം നയം തയാറാക്കി നിയമവകുപ്പിന് കൈമാറണമെന്നാണ് നിര്‍ദേശം. 31ന് മുന്‍പ് പുതിയ മദ്യനയം പ്രഖ്യാപിക്കും. നിലവില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാറുകള്‍ക്കും പഴയപോലെ വിദേശ മദ്യം വില്‍ക്കാനുള്ള അനുമതി നല്‍കുമെന്നാണ് അറിയുന്നത്. കൂടാതെ കള്ളിനെ മദ്യത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയേക്കും. ബാറുകളും കള്ളുഷാപ്പുകളും തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഈയാഴ്ചയോടെ തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."