നഴ്‌സിങ് സമരം; തൊഴില്‍ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരം: യു.എന്‍.എ
തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സിങ് സമരം അനാവശ്യമാണെന്ന മന്ത്രി ടി.പി രാമകൃഷ്ണന്റെ പ്രസ്താവന നിരുത്തരവാദപരമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. തൊഴില്‍ സമരങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടാണോ അദ്ദേഹം പറഞ്ഞതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും യു.എന്‍.എ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ കഴിഞ്ഞ 196 ദിവസമായി നടക്കുന്ന നഴ്‌സിങ് സമരം അവിടെ തീര്‍ക്കണം എന്നാണ് മന്ത്രി പറയുന്നത്. ആഭ്യന്തര അന്വേഷണം കഴിഞ്ഞേ സമരം ചെയ്യുന്നവരെ തിരിച്ചെടുക്കാന്‍ കഴിയുകയുള്ളു എന്ന മാനേജ്മന്റ് നിലപാട് അറിയിച്ചപ്പോള്‍ സര്‍ക്കാര്‍ മൗനം പാലിച്ചു. സമരം ചെയ്തതുകൊണ്ട് തൊഴിലാളികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് മന്ത്രിമാര്‍ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ സമരം അപ്പോള്‍ അവസാനിച്ചേനെ. കഴിഞ്ഞ ജൂലൈ 20ന് മുഖ്യമന്ത്രിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായ 20000 രൂപയെന്ന അടിസ്ഥാന വേതനം ഇതുവരെ ഒരു മാനേജ്‌മെന്റും നല്‍കിത്തുടങ്ങിയിട്ടില്ല. അവര്‍ പറയുന്നത് സര്‍ക്കാര്‍ ഉത്തവരവ് വരട്ടെ എന്നാണ്. സര്‍ക്കാര്‍ നടപടികള്‍ ഇഴയുകയാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രി മുതലാളിമാരുടെ സംഘടനയുടെ വാക്കുകളും തൊഴില്‍ വകുപ്പ് മന്ത്രിയുടെ വാക്കുകളും ഒരുപോലെ തൊഴിലാളി വിരുദ്ധമായിരിക്കുകയാണ്. മന്ത്രിയുടെ ഭാഗത്തു നിന്ന് വരുന്ന പ്രസ്താവനകള്‍ നിരാശാ ജനകമാണ്. സര്‍ക്കാരില്‍ ഇപ്പോഴും നഴ്‌സുമാര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും സിബി മുകേഷ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."