കാനത്തിന്റെ കാലം തുടരുന്നു; എതിരില്ലാതെ ഒരുവട്ടംകൂടി
മലപ്പുറം: കാനം രാജേന്ദ്രന്റെ നിലപാട് രാഷ്ട്രീയത്തിന് സി.പി.ഐ ഒരു വട്ടം കൂടി തുടരാന്‍ അവസരം സമ്മാനിച്ചു. രണ്ടാമൂഴത്തിലും കേരള രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാകാനുള്ള പടപ്പുറപ്പാടിലാണദ്ദേഹം.
സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി എതിരില്ലാതെ കാനം രാജേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെടുന്നത് തടയാന്‍ കെ.ഇ.ഇസ്മാഈല്‍ വിഭാഗം പതിനെട്ടടവും പയറ്റിയെങ്കിലും വിജയിച്ചില്ല. സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് കാനത്തിന്റെ പേര് നിര്‍ദേശിച്ചത്. 552 പ്രതിനിധികള്‍ പങ്കെടുത്ത സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ ഒരാള്‍ പോലും എതിര്‍ ശബ്ദവുമായി രംഗത്തുവന്നില്ല.
സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. സി.ദിവാകരനെ മത്സരിപ്പിച്ച് ഏകപക്ഷീയ വിജയം തടയുകയായിരുന്നു മറുവിഭാഗത്തിന്റെ തന്ത്രം. എന്നാല്‍ പാര്‍ട്ടിയിലെ ഐക്യത്തിന് പ്രാധാന്യം നല്‍കുന്നതായും മത്സരിക്കാന്‍ താനില്ലെന്നും ദിവാകരന്‍ അറിയിച്ചതോടെയാണ് കാനം എതിരില്ലാതെ വീണ്ടും സെക്രട്ടറി പദവിയിലെത്തിയത്.
പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തുവന്ന സമ്മേളനത്തില്‍ സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി ഇരുവിഭാഗങ്ങളും പരസ്യമായി ഏറ്റുമുട്ടിയിരുന്നു. കെ.ഇ.ഇസ്മാഈലിനെ അവഹേളിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളോട് കാനം വിഭാഗത്തിലെ പലര്‍ക്കും യോജിപ്പില്ലായിരുന്നു.
പാര്‍ട്ടിക്കകത്തെ കരുത്തനായ കെ.ഇ.ഇസ്മാഈല്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ എല്ലാ നീക്കങ്ങളെയും വേരോടെ പിഴുതെറിഞ്ഞാണ് കാനത്തിന്റെ രണ്ടാംവരവ്. തീവ്ര ഇസ്മാഈല്‍ അനകൂലികളായ പലരും ഇടംപിടിക്കാതിരുന്ന പുതിയ സംസ്ഥാന കൗണ്‍സിലില്‍ എറണാകുളത്തുനിന്നുമാത്രമാണ് കാനത്തിനു തിരിച്ചടിയുണ്ടായത്. ഇവിടെ മത്സരിച്ച കാനം വിഭാഗക്കാരായ കെ.എം.ദിനകരന്‍, വി.കെ.ശിവന്‍ എന്നിവര്‍ പരാജയപ്പെട്ടു.
1950 നവംബര്‍ പത്തിന് കോട്ടയം ജില്ലയിലെ വാഴൂര്‍ പഞ്ചായത്തിലെ കാനം ഗ്രാമത്തില്‍ ജനിച്ച കാനം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് എത്തുന്നത്്. 1968ല്‍ സി.പി.ഐയില്‍ അംഗമായി. 23ാം വയസില്‍ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായി. തുടര്‍ന്ന് എ.ഐ.വൈ.എഫ ദേശീയ വൈസ്പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചു. 1982 മുതല്‍ 1991 വരെ വാഴൂര്‍ മണ്ഡലത്തില്‍ നിന്നു നിയമസഭയിലെത്തി. തുടര്‍ന്ന് എ.ഐ.ടി.യു.സി ഭാരവാഹിയായി. പന്ന്യന്‍ രവീന്ദ്രന് പിന്‍ഗാമിയായി 2015 ലെ കൊല്ലം സി.പി.ഐ സമ്മേളനത്തിലാണ് കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത്.
നിലവില്‍ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന കാനത്തിന്റെ അധികാരത്തുടര്‍ച്ച ഏറെ കരുതലോടെയാണ് സംസ്ഥാന സി.പി.എം നേതൃത്വം കാണുന്നത്. സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും തെറ്റായ നയങ്ങള്‍ക്കെതിരേ മുഖം നോക്കാതെ പരസ്യമായ നിലപാട് സ്വീകരിക്കുന്ന കാനം വര്‍ധിത വീര്യത്തോടെ വീണ്ടും തിരിച്ചുവന്നത് പാര്‍ട്ടിയിലെ 'കാനം നയ'ത്തിനുള്ള അംഗീകാരം കൂടിയാണെന്ന് വിലയിരുത്താം. ദേശീയതലത്തില്‍ കോണ്‍ഗ്രസ് സഖ്യം എന്ന വിഷയത്തിനു പുറമേ കെ.എം.മാണിയുടെ ഇടതുമുന്നണി പ്രവേശം, സര്‍ക്കാറിന്റെ വിവിധ നയങ്ങള്‍ എന്നിവക്കെതിരേ പരസ്യമായ നിലപാട് സ്വീകരിക്കുന്ന കാനത്തിന് പുതിയ വിജയം കൂടുതല്‍ ഊര്‍ജം പകരും. പാര്‍ട്ടിയുടെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് വച്ചാണ് നടക്കുന്നത്. ഇതിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലും കാനത്തിനു തന്നെയാണ് മുന്‍തൂക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."