മെര്‍ക്കല്‍ സര്‍ക്കാരില്‍ ചേരാന്‍ എസ്.പി.ഡിയില്‍ പച്ചക്കൊടി
ബെര്‍ലിന്‍: ആംഗെലാ മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണക്കാന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്.പി.ഡി) തീരുമാനം. ഇതുമായി ബന്ധപ്പെട്ടു നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം പേരും മെര്‍ക്കലിന്റെ സഖ്യത്തില്‍ ചേരുന്നതിനെ പിന്തുണച്ചെന്ന് പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇതോടെ രാജ്യത്ത് ഒരിക്കല്‍ കൂടി വിശാലസഖ്യം ഭരണം നടത്താനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്.
നാലു മാസത്തോളമായി രാജ്യത്ത് തുടരുന്ന അനിശ്ചിതാവസ്ഥയ്ക്കും ഇതോടെ അന്ത്യം കുറിക്കുമെന്നാണു കരുതപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ജര്‍മന്‍ തെരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍(സി.ഡി.യു) ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് മുന്‍ സഖ്യകക്ഷിയായ എസ്.പി.ഡി സര്‍ക്കാര്‍ രൂപീകരണത്തിനില്ലെന്ന് അറിയിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്.
തുടര്‍ന്ന് മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് എസ്.പി.ഡി നിലപാടുമാറ്റത്തിനു തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."