ലാറി ബേക്കര്‍ ലക്ഷ്യമിട്ടത് സാധാരണക്കാരുടെ ജീവനോപാധികളുടെ വികസനം: മന്ത്രി
തിരുവനന്തപുരം: സാധാരണക്കാരുടെ ജീവനോപാധികളുടെ വികസനമായിരുന്നു ലാറി ബേക്കര്‍ ലക്ഷ്യമിട്ടതെന്ന് ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. ലാറി ബേക്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളും രാജ്യാന്തര സെമിനാറും ദേശീയ പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ണിനും മനുഷ്യനും അനുയോജ്യമായ രീതിയില്‍ നിര്‍മാണ മേഖലയെ മാറ്റിയെടുക്കാനായിരുന്നു ലാറി ബേക്കര്‍ ശ്രമിച്ചതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതിക്കും മനുഷ്യജീവനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ ലാറി ബേക്കര്‍ വിഭാവനം ചെയ്ത കെട്ടിട നിര്‍മാണ രീതികള്‍ക്ക് പ്രസക്തി ഏറെയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുന്‍ കേന്ദ്ര മന്ത്രി ജയറാം രമേശ് പറഞ്ഞു.
തിരുവനന്തപുരം നഗരത്തില്‍ ഇന്നു നിലനില്‍ക്കുന്ന തണല്‍മരങ്ങള്‍ പലതും റോഡു വികസനത്തിന്റെ പേരില്‍ വെട്ടിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ നടന്ന ചെറുത്തുനില്‍പുകള്‍ക്ക് നേതൃത്വം നല്‍കിയത് ലാറി ബേക്കറായിരുന്നുവെന്ന് കവി സുഗത കുമാരി അനുസ്മരിച്ചു. മേയര്‍ വി.കെ.പ്രശാന്ത്, മുന്‍ ചീഫ് സെക്രട്ടറി എം.എസ്.വിജയാനന്ദ്, കോസ്റ്റ്‌ഫോര്‍ഡിന്റെയും എല്‍.ബി.സിയുടെയും ചെയര്‍മാന്‍ കെ.പി.കണ്ണന്‍, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.ആര്‍.ചന്ദ്രദത്ത്, വി.എന്‍.ജിതേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'സുസ്ഥിര ആവാസ വ്യവസ്ഥ' എന്ന വിഷയത്തില്‍ രാജ്യാന്തര സെമിനാറിനും തുടക്കമായി. 11 വരെ സൂര്യകാന്തി മൈതാനത്ത് ചെലവ് കുറഞ്ഞ ഭവന നിര്‍മാണ സങ്കേതങ്ങളും ബദല്‍ വികസന കാഴ്ചപ്പാടുകളും മുന്നോട്ടു വയ്ക്കുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."