കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം തടവും പിഴയും
കാസര്‍കോട്: കഞ്ചാവ് കടത്തിയ കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം വീതം പിഴയും ശിക്ഷ.
കേസിലെ ഒന്നാംപ്രതി തളങ്കര കടവത്തെ ഹാരിസ്(45), മൂന്നാംപ്രതി തളങ്കര കെ.കെ പുറത്തെ അബ്ദുല്‍ അസീസ്(53) എന്നിവരെയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി(രണ്ട്) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം.
കേസില്‍ രണ്ടാം പ്രതിയായ കൈക്കമ്പ കണ്ണാടിപ്പാറയിലെ കലന്തര്‍ഷാഫി ഇപ്പോഴും ഒളിവിലാണ്. ഇതേ തുടര്‍ന്ന് ഇയാള്‍ക്കെതിരേ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു.
2013 മാര്‍ച്ച് 12നാണ് കേസിനാസ്പദമായ സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് അന്നത്തെ കാസര്‍കോട് എസ്. ഐ എ.വി ദിനേശിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കറന്തക്കാട്ട് നടത്തിയ വാഹന പരിശോധനക്കിടയിലാണ് പ്രതികള്‍ പിടിയിലായത്. കാര്‍ നിര്‍ത്താതെ പോയതോടെ പൊലിസ് ഇവരെ പിന്തുടരുകയും പിടികൂടുകയുമായിരുന്നു. കാറിന്റെ രഹസ്യ അറകളില്‍ 54 കിലോ കഞ്ചാവാണ് പൊലിസ് കണ്ടെത്തിയത്.
സംഭവ സമയത്ത് കാസര്‍കോട് സി.ഐ ആയിരുന്ന സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."