ആദ്യ ദിനത്തില്‍ സ്‌കൂളിലെത്താനാകാതെ തരിയോട് ശാന്തി നഗര്‍ കോളനി വിദ്യാര്‍ഥികള്‍
മാനന്തവാടി: അധ്യായന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ സ്‌കൂളുകളില്‍ പോകാന്‍ കഴിയാതെ തരിയോട് ശാന്തി നഗര്‍ കോളനി വിദ്യാര്‍ഥികള്‍. കുടിക്കാന്‍ പോലും മതിയായ വെള്ളം ലഭിക്കാത്തതാണ് കോളനിയിലെ ആറിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ഇരുപതോളം കുട്ടികളുടെ ആദ്യ ദിവസത്തെ ക്ലാസ് തന്നെ നഷ്ടമാകാനിടയാക്കിയത്.
കുടിക്കാന്‍ പോലും വെള്ളമില്ലാത്ത ഞങ്ങളെങ്ങനെ കുട്ടികളെ കുളിപ്പിച്ചും വസ്ത്രം അലക്കിയും സ്‌കൂളിലേക്കയക്കുമെന്നാണ് കോളനിയിലെ വീട്ടമ്മമാര്‍ ചോദിക്കുന്നത്. അധ്യയന വര്‍ഷാരംഭത്തില്‍ ജില്ലയിലെ മുഴുവന്‍ പട്ടിക വര്‍ഗ വിദ്യാര്‍ഥികളെയും സ്‌കൂളുകളിലെത്തിക്കാന്‍ ജില്ലാഭരണകൂടം തയ്യാറാക്കിയ ഗോത്രവിദ്യാ പദ്ധതിയും ഇതിനായി നടത്തിയ മുന്നൊരുക്കങ്ങളുമാണ് ഇതോടെ പരാജയപ്പെട്ടത്. തരിയോട് പഞ്ചായത്തിലെ കാവംമന്ദം ശാന്തിനഗര്‍ കോളനിയില്‍ 30 ഓളം പണിയ വീടികളാണുള്ളത്. ഇതില്‍ 40ഓളം കുട്ടികളുമുണ്ട്. ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന ഏതാനും പേരൊഴിച്ചാല്‍ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത് ഒരുകിലോ മീറ്റര്‍ ചുറ്റളവിലുള്ള കാവുംമന്ദം എന്ന എല്‍.പി സ്‌കൂളിലും ജി.യു.പി സ്‌കൂളിലുമായാണ്.
പ്രദേശത്ത് കഴിഞ്ഞ ഏറെ മാസങ്ങളായി കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. വീടുകളില്‍ സ്വന്തമായി കിണറുകളോ വൈദ്യുതിയോ ഇല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ സംഭരണിയും കുന്നിന് താഴെയായി കിണറും നിലവിലുണ്ട്. കിണറില്‍ വെള്ളമുണ്ടെങ്കിലും സ്യകാര്യ വ്യക്തിയുടെ സ്ഥലത്തായതിനാല്‍ ശുചീകരിക്കാനോ വെള്ളം വലിച്ചെടുക്കാനോ കഴിയില്ല. നേരത്തെ സ്ഥാപിച്ച ഡീസല്‍ മോട്ടോര്‍ വര്‍ഷങ്ങള്‍ക്ക മുമ്പ് തകരാറിലായതാണ്. ഇതോടെ ജല അതോറിറ്റിയുടെ പൊതുടാപ്പായി ഇവിടത്തുകാരുടെ ആശ്രയം. ഇതാകട്ടെ വേനല്‍ തുടങ്ങിയാല്‍ കൃത്യമായി ലഭിക്കാറില്ല.
കഴിഞ്ഞ ഏതാനും മാസങ്ങളായി രണ്ടു മൂന്നും ദിവസങ്ങള്‍ കൂടുമ്പോഴാണ് പൈപ്പിലൂടെ വെള്ളം വിതരണം നടത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പൈപ്പില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് കുട്ടികളുടെ വസ്ത്രങ്ങള്‍ അലക്കാനോ കുളിക്കാനോ കഴിഞ്ഞിട്ടില്ലെന്ന് കോളനിയിലെ ശാന്ത പറഞ്ഞു. അത് കൊണ്ട് തന്നെ കുട്ടികളെ സ്‌കൂളില്‍ വിടാനും കഴിഞ്ഞില്ല. ഞങ്ങള്‍ തന്നെ പണിക്ക് പോലും പോകാതെ പൈപ്പില്‍ വെള്ളം വരുന്നതും കാത്തിരിപ്പാണ്. അവരും കൂടി സഹായത്തിനുണ്ടെങ്കില്‍ മാത്രമെ ഈ വെള്ളം വീട്ടിലെത്തിക്കാന്‍ കഴിയുകയുള്ളു. കുടിവെള്ളപ്രശ്‌നം തീരാതെ മക്കളെ സ്‌കൂളില്‍ വിടാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."