ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് വര്‍ധനവിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം
ജിദ്ദ: സഊദിയിലെ ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് വര്‍ധനവിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം ഇരമ്പി. നവോദയ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ 'ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ വെല്ലുവിളികളും പരിഹാരങ്ങളും' എന്ന തലക്കെട്ടിലായിരുന്നു ഓപ്പണ്‍ ഫോറം. സ്‌കൂള്‍ ഫീസ് വര്‍ധനവുമായി ബന്ധപെട്ട് സ്‌കൂള്‍ ഭരണ സമിതിക്ക് മുമ്പാകെ രക്ഷിതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനാണ് ഫോറമൊരുക്കിയത്.
നിലവിലെ തൊഴില്‍ പ്രതിസന്ധിക്കിടെ സ്‌കൂള്‍ ഫീസ് വര്‍ധനവ് പ്രഖ്യാപിച്ചതില്‍ രക്ഷിതാകള്‍ക്കിടയില്‍ വന്‍ പരാതികളുന്നയിച്ചത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഫീസ് കൂട്ടാതെ പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് സ്‌കൂളിന്റെ നിലപാട്.
വിവിധ സംഘടന പ്രതിനിധികളും സ്‌കൂള്‍ ഭരണസമിതി അംഗങ്ങളും പരിപാടിയിലെത്തി. അധ്യാപക ലെവിയും നികുതിയും കാരണം സ്‌കൂളിനു വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്നതായി ഭരണ സമിതി വിശദീകരിച്ചു. ഇതു മറികടക്കാന്‍ ഫീസ് വര്‍ധനവ് അല്ലാതെ മറ്റു മാര്‍ഗമില്ലാതെയാണ് ഫീസ് കൂട്ടേണ്ടി വന്നതെന്നും സ്‌കൂള്‍ വിശദീകരിച്ചു.
രക്ഷിതാക്കളുടെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വര്‍ധനവിന്റെ തോത് പരമാവധി കുറയ്ക്കും. അധികം വരുന്ന ചെലവുകള്‍ രക്ഷിതാക്കളും അധ്യാപകരും സ്‌കൂളും ചേര്‍ന്ന് വഹിക്കുന്ന രീതിയിലായിരിക്കും പുതിയ ഫീസ് ഘടന നടപ്പിലാക്കുകയെന്നും സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. എന്നാല്‍ ഫീസ് വര്‍ധിപ്പിക്കരുതെന്നാണ് രക്ഷിതാക്കളുടെ നിലപാട്.
ചെലവുകള്‍ ചുരുക്കി അധികം വരുന്ന തുക താല്‍ക്കാലികമായി സ്‌കൂളിന്റെ നീക്കിയിരിപ്പ് ഫണ്ടില്‍ നിന്നും കണ്ടെത്താന്‍ ഭരണ സമിതി തയ്യാറാകണമെന്നും രക്ഷിതാക്കള്‍ അഭിപ്രായപെട്ടു. പഠന നിലവാരം മെച്ചപ്പെടുന്നില്ല, അധ്യാപകര്‍ തന്നെ പുറത്ത് ട്യൂഷനുകള്‍ നടത്തി രക്ഷിതാക്കളെ ചൂഷണം ചെയ്യുന്നു. ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം കാര്യക്ഷമമല്ല എന്നീ പരാതികളും രക്ഷിതാക്കളുന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."