ശുഹൈബ് വധം; കൊലയാളി സംഘാംഗം ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി പിടിയില്‍
കണ്ണൂര്‍/മട്ടന്നൂര്‍: യൂത്തു കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടു സി.പി.എമ്മുകാര്‍ കൂടി അറസ്റ്റില്‍. അറസ്റ്റിലായതില്‍ ഒരു സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ അടുത്ത ബന്ധുവുമുണ്ട്. കൊലപാതകത്തിന്‍ നേരിട്ടു പങ്കെടുത്ത കാക്കയങ്ങാട്ടെ ചുമട്ട് തൊഴിലാളി കൂടിയായ മുഴക്കുന്നിലെ സി.എസ് ദീപ് ചന്ദ് (25), ഗൂഢാലോചനയില്‍ പങ്കെടുത്ത പാലയോട്ടെ കെ ബൈജു (36) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലിസ് പറഞ്ഞു.
ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം പതിനൊന്നായി. ശുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തിലെ ഒരാളാണ് ഇപ്പോള്‍ അറസ്റ്റിലായ ദീപ്ചന്ദ്. ഇതോടെ കൊലയാളി സംഘത്തിലെ മുഴുവന്‍ പേരും പിടിയിലായി. ആകാശും റിജിന്‍ രാജും ശുഹൈബിനെ വെട്ടുമ്പോള്‍ ഓടിക്കൂടിയവരെ അകറ്റാന്‍ ബോംബെറിഞ്ഞ രണ്ടു പേരില്‍ ഒരാളായിരുന്നു ദീപ്ചന്ദെന്ന് പൊലിസ് പറഞ്ഞു. സ്‌ഫോടനത്തില്‍ ദീപ്ചന്ദിന് പരുക്കേറ്റിരുന്നു. അറസ്റ്റിലായ എടയന്നൂരിലെ ഹോട്ടല്‍ തൊഴിലാളിയായ ബൈജു കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷത്തില്‍ പരുക്കേറ്റയാളാണ്. സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന്റെ അടുത്ത ബന്ധുവാണ് ഇരിട്ടി പായം സ്വദേശിയായ ബൈജു. ഇപ്പോള്‍ എടയന്നൂരിലാണ് താമസം. കൊലക്ക് ശേഷം ആയുധങ്ങള്‍ ഒളിപ്പിച്ചത് ബൈജുവാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. ഇവരുടെ അറസ്‌റ്റോടെ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്. അതേസമയം ശുഹൈബിനെ വെട്ടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് വാളും ഒരു മഴുവും പൊലിസ് കണ്ടെത്തി. ഇന്നലെ പിടികൂടിയ പ്രതികളില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളപ്പറമ്പിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയത്.
ഇതേ പ്രദേശത്ത് നിന്നും മൂന്നു വാളുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ കണ്ടെടുത്ത ആയുധങ്ങളെക്കുറിച്ച് ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്. അതേസമയം ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കൊടുത്ത ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കൂടുതല്‍ പ്രതികളെ അറസ്റ്റു ചെയ്തതും ആയുധങ്ങള്‍ കണ്ടെടുത്തതും. കൊല നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആയുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കൊലയാളി സംഘത്തിന് ശുഹൈബിനെക്കുറിച്ചുള്ള വിവരം നല്‍കിയ മട്ടന്നൂര്‍ കുമ്മാനം സ്വദേശി സംഗീത് മൂന്നു ദിവസം മുന്‍പ് അറസ്റ്റിലായിരുന്നു. എന്നാല്‍ അറസ്റ്റിലായവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പൊലിസിന് ലഭിക്കാത്തതു അന്വേഷണത്തിന്റെ മുന്നോട്ടുള്ള നീക്കത്തിന് തടസമാകുന്നുണ്ട്. റിമാന്‍ഡിലുള്ള തില്ലങ്കേരി ആലയാട് സ്വദേശി അന്‍വര്‍ സാദത്ത്, തെരൂര്‍ പാലയാട് സ്വദേശികളായ അസ്‌കര്‍, അഖില്‍, മുടക്കോഴിയിലെ ജിതിന്‍ എന്നിവരെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."