വായ്പാ തട്ടിപ്പ്: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ബഹളത്തോടെ തുടക്കം
ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ ചൊല്ലി പ്രതിപക്ഷ ബഹളത്തോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിനു തുടക്കം. ആന്ധ്രാപ്രദേശിനു പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തെലുഗുദേശം പാര്‍ട്ടിയും ബഹളംവച്ചു.
പ്രതിഷേധവും ബഹളവും ശക്തമായതോടെ രാജ്യസഭ ഉച്ചയ്ക്ക് രണ്ടുമണിയോടെയും ലോക്‌സഭ 12 മണിയോടെയും ഇന്നത്തേക്കു പിരിഞ്ഞു. പി.എന്‍.ബി തട്ടിപ്പ് ലോക്‌സഭയില്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.പി അംഗം എന്‍.കെ പ്രേമചന്ദ്രനും ആര്‍.ജെ.ഡിയുടെ ജെ.പി യാദവും രാജ്യസഭയില്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ നേതാവ് ഡി. രാജയും സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാളും നോട്ടിസ് നല്‍കി.
സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്ന വിഷയം ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവും ലോക്‌സഭയില്‍ ഉന്നയിച്ചു.
പി.എന്‍.ബി തട്ടിപ്പ് ഗൗരവമേറിയ വിഷയമാണെന്ന് രാജ്യസഭാ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യേണ്ടതുണ്ടെന്നും ഭരണപക്ഷവുമായി സംസാരിച്ച് ചര്‍ച്ചയുടെ രീതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രയ്ക്കായി പ്രത്യേക പാക്കേജ് അനുവദിക്കുക എന്നതുള്‍പ്പെടെയുള്ള പോസ്റ്ററുകളുമായാണ് ഇന്നലെ ടി.ഡി.പി അംഗങ്ങള്‍ പാര്‍ലമെന്റിലേക്കു വന്നത്.
കാവേരി നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെ അംഗങ്ങളും സഭയ്ക്ക് പുറത്തു പ്രതിഷേധിച്ചു.
ത്രിപുര, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ വിജയത്തെത്തുടര്‍ന്ന് രാവിലെ ബി.ജെ.പി അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്കും സഭക്കു പുറത്തു സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."