കോംട്രസ്റ്റ് ഏറ്റെടുക്കല്‍: സര്‍ക്കാര്‍ വിജ്ഞാപനമായി
കോഴിക്കോട്: അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമായി. 18503 ലജി. സി 32013 ലോ 19-02-2018 നമ്പര്‍ ഉത്തരവു പ്രകാരമാണ് ലോ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നത്.
2012 ജൂലൈ 25ന് നിയമസഭ ഏകകണ്ഠമായാണ് കോമണ്‍വെല്‍ത്ത് ട്രസ്റ്റ് കോഴിക്കോട് (ഏറ്റെടുക്കലും കൈമാറ്റവും) ബില്‍ 2012 അംഗീകരിച്ചത്. നിലവിലുള്ള തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് വ്യവസായ മ്യൂസിയവും ഉല്‍പാദനകേന്ദ്രവും ആരംഭിക്കാന്‍ ഉദ്ദേശിച്ചാണ് നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചത്.
2009 ഫെബ്രുവരി ഒന്നുമുതല്‍ കമ്പനി പൂട്ടിയ സാഹചര്യത്തിലാണ് 175 വര്‍ഷത്തിലേറെ പഴക്കമുള്ള കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയും സ്ഥലവും ഏറ്റെടുക്കാന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചത്.
മാനേജ്‌മെന്റിന്റെയും ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളുടെയും എതിര്‍പ്പിനെ മറികടന്ന് സംയുക്ത കോംട്രസ്റ്റ് വീ വിങ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ വിജയമാണ് ഇതിലൂടെ ഉണ്ടായത്.
ഫാക്ടറി സംരക്ഷിക്കാനായുള്ള തൊഴിലാളികളുടെ പോരാട്ടം പത്താം വര്‍ഷത്തിലേക്കു കടക്കുന്ന സമയത്താണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതും തുടര്‍ന്ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."