സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഉത്തരവിനെതിരേ 17ന് അധ്യാപികമാരുടെ ഉപവാസം
കോഴിക്കോട്: സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ഓള്‍ കേരള മാനേജ്‌മെന്റ് സ്‌കൂള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച സ്റ്റാഫ് അസോസിയേഷന്‍ മാര്‍ച്ച് 17ന് ഉപവാസം നടത്താന്‍ കോഴിക്കോട്ട് ചേര്‍ന്ന കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ ഉത്തരവുമൂലം തൊഴില്‍രഹിതരാവുന്ന ലക്ഷക്കണക്കായ അധ്യാപികമാര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. മാനാഞ്ചിറ കോംട്രസ്റ്റ് പരിസരത്ത് രാവിലെ 10ന് ആരംഭിക്കുന്ന ഉപവാസം വൈകിട്ട് നാലിന് അവസാനിക്കും.
സംസ്ഥാനത്തെ സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമാണെന്നും സ്റ്റാഫ് അസോസിയേഷന്‍ യോഗം വിലയിരുത്തി. ലക്ഷക്കണക്കായ വിദ്യാര്‍ഥികളെ വഴിയാധാരമാക്കുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല.
ഈ മേഖലയില്‍ അധ്യാപക-അനധ്യാപകര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ ഉപജീവനം നടത്തുന്നുണ്ട്. ഉത്തരവിന്റെ പേരില്‍ ഇത്തരം വിദ്യാലയങ്ങള്‍ അടച്ചുപൂട്ടി പോകണമെന്ന് സര്‍ക്കാര്‍ വാശിപിടിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. എം. രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ശശീധരന്‍ അധ്യക്ഷനായി. കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ നിസാര്‍ ഒളവണ്ണ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി. ശങ്കരന്‍ നടുവണ്ണൂര്‍, സ്റ്റാഫ് അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ പത്മിനി മനോഹര്‍, സെക്രട്ടറി പി.കെ മുരളീധര മേനോന്‍, കണ്‍വീനര്‍ പി.ടി സുബൈദ, ബാലകൃഷ്ണന്‍ കല്ലാച്ചി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."