റമീസാജഹാന്റെ റാങ്കിന് പത്തരമാറ്റ്
മലപ്പുറം: ഒതുക്കുങ്ങല്‍ പുത്തൂര്‍ അരിച്ചോള്‍ സ്വദേശിനി റമീസാജഹാന്റെ എന്‍ട്രന്‍സ് റാങ്കിന് പത്തര മാറ്റിന്റെ തിളക്കമാണുള്ളത്. ഒതുക്കുങ്ങല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ കോട്ടക്കല്‍ യുനിവേഴ്‌സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് എന്‍ട്രന്‍സ് പരിശീലനം നേടിയത്. ടാക്‌സി ഡ്രൈവറായ മച്ചഞ്ചേരി അബ്ദുല്‍ കരീം- റസിയാനത്ത് ദമ്പതികളുടെ രണ്ടുമക്കളിലൊരാളായ റമീസ ജഹാന്‍ ഇതു രണ്ടാം തവണയാണു മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്നത്. ആദ്യ തവണ 2531-ാം റാങ്കായിരുന്നു. ഇത്തവണ സംസ്ഥാന തലത്തില്‍ നാലും ജില്ലയില്‍ ഒന്നാമതുമെത്തി.
മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയതിനു പുറമേ മുഴുവന്‍ മാര്‍ക്കും നേടിയാണു സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിച്ച ഈ മുടുക്കി പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. വീടിനു തൊട്ടടുത്തുള്ള തര്‍ത്തീല്‍ സെന്‍ട്രല്‍ സ്‌കൂളിലായിരുന്നു പത്താംക്ലാസ് വരെയുള്ള പഠനം. നീറ്റ്(എ.ഐ.പി.എം.ടി), എയിംസ് പ്രവേശന പരീക്ഷകള്‍ എഴുതി ഫലം കാത്തിരിക്കുന്നതിനിടെയാണു സംസ്ഥാന അംഗീകാരം ഈ മിടുക്കിയെ തേടിയെത്തിയത്. ഈ മാസം അഞ്ചിന് നടക്കുന്ന ജിപ്മര്‍ പരീക്ഷ എഴുതാനുള്ള ഒരുക്കത്തിലാണ്. മികച്ച വിജയം നേടാനായതില്‍ സന്തോഷമുണ്ടെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് പ്രവേശനം നേടാനാണ് ആഗ്രഹമെന്നും റമീസ ജഹാന്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."