ഹാദിയ ഇസ്ലാം മതം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അശോകന്
ന്യൂഡല്‍ഹി: ഹാദിയ ഇസ്ലാം മതം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിതാവ് അശോകന്. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അശോകന് നിലപാട് വ്യക്തമാക്കിയത്.
താനൊരു നിരീശ്വര വാദിയാണ്. ഭാര്യ ഹിന്ദുമത വിശ്വാസിയും. മകള്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ല, എന്നാല്‍ മകള്‍ തീവ്രവാദികളുടെ പിടിയില്‍ അകപ്പെടുന്നത് കണ്ടുനില്‍ക്കാനാവില്ലെന്നും അശോകന് സത്യവാങ്മൂലത്തില്‍ പറയുന്നു. വ്യാഴാഴ്ച്ച കേസ് പരിഗണിക്കാനിരിക്കെയാണ് അശോകന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ശാരീരികമായും മാനസികമായും തട്ടികൊണ്ട് പോയി തീവ്രവാദി നിയന്ത്രണ മേഖലകളില്‍ ലൈംഗിക അടിമയോ, മനുഷ്യ ബോംബോ ആക്കാനുള്ള ശ്രമങ്ങളെ മൂകസാക്ഷിയായി നോക്കി നില്ക്കാന് കഴിയില്ലെന്നും അശോകന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ഫാസില്‍ മുസ്തഫ-ഷെറിന് ഷഹാന ദമ്പതികളുമായി ബന്ധത്തെ കുറിച്ച് എന്‍.ഐ.എ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കേസില്‍ പരിശോധിക്കണം. ഹാദിയ കേസില്‍ എന്‍.ഐ.എ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സുപ്രിംകോടതി വിശദമായി പരിശോധിക്കണമെന്നും അശോകന് ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."