പി.എന്‍.ബി വായ്പാ തട്ടിപ്പ്: സൂത്രധാരന്‍ അറസ്റ്റില്‍
മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പിനുപിന്നിലെ സൂത്രധാരന്‍ അറസ്റ്റില്‍. 12,700 കോടി തട്ടിയെടുത്ത നീരവ് മോദി, മെഹുല്‍ ചോക്സി സംഘത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഗീതാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനി വൈസ് പ്രസിഡന്റ് വിപുല്‍ ചിതാലിയയെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ബാങ്കോക്കില്‍ നിന്ന് ഇന്നലെ മുംബൈയില്‍ എത്തിയ അദ്ദേഹത്തെ എമിഗ്രേഷന്‍ വിഭാഗമാണ് പിടികൂടി സി.ബി.ഐക്ക് കൈമാറിയത്. കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ 17വരെ റിമാന്‍ഡ് ചെയ്തു. ഗീതാഞ്ജലി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ മെഹുല്‍ ചോക്സിക്കൊപ്പം ചേര്‍ന്ന് വിപുല്‍ ചിതാലിയ വായ്പാ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് കണ്ടെത്തിയതായി സി.ബി.ഐ കോടതിയെ അറിയിച്ചു.
തട്ടിപ്പ് പുറത്തുവന്നയുടന്‍ വിപുലിനെതിരേ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നീരവ് മോദിയുടെയും അമ്മാവന് മെഹുല്‍ ചോക്സിയുടെയുടെയും രണ്ട് ജ്വല്ലറി ഗ്രൂപ്പുകള്‍ തട്ടിപ്പ് നടത്തിയെന്നും ഇതിന് ബാങ്ക് ജീവനക്കാരില്‍ ചിലര്‍ കൂട്ടുനിന്നുവെന്നും കാണിച്ച് ബാങ്ക് അധികൃതര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."