സൊഹ്റാബുദ്ദീന്‍ കേസ്: 35 സാക്ഷികള്‍ കൂറുമാറി
ന്യൂഡല്‍ഹി: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസില്‍ സാക്ഷികള്‍ കൂറുമാറുന്നത് തുടരുന്നു. തിങ്കളാഴ്ച മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി മുമ്പാകെ നടന്ന വിസ്താരത്തിനിടെ രണ്ടുപേര്‍ കൂടി കൂറുമാറിയതോടെ ഇതിനകം വിസ്തരിച്ച 53 സാക്ഷികളില്‍ 35 പേരും മൊഴിമാറ്റി.
അഹമ്മദാബാദിലെ നരോള്‍ സര്‍ക്കിളിനും വിശാലാ സര്‍ക്കിളിനും ഇടയില്‍ 2005 നവംബര്‍ 26നു പുലര്‍ച്ചെ സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെട്ട സ്ഥലത്തുകൂടെ സഞ്ചരിച്ചിരുന്ന ഭൈരണ്‍ ഒസ്സയും മഹേഷ് താക്കറെയുമാണ് മൊഴിമാറ്റിയത്. സൊഹ്റാബുദ്ദീന്റെ മൃതദേഹത്തിനു സമീപം ഇരുവരും എത്തുമ്പോള്‍ ചുറ്റും പൊലിസും ഉണ്ടായിരുന്നു. ഈ സമയം മൃതദേഹത്തില്‍ നിന്നു ലഭിച്ചതെന്ന് പൊലിസ് അവകാശപ്പെടുന്ന വെടിക്കോപ്പുകള്‍, ട്രെയിന്‍ടിക്കറ്റ്, പണം, സ്വര്‍ണ മാല, ഡ്രൈവിങ് ലൈസന്‍സ്, മൊബൈല്‍ഫോണ്‍ എന്നിവയെ കുറിച്ചു നേരത്തെ കേസന്വേഷിച്ച ഭീകരവിരുദ്ധ സ്ക്വാഡിനു മുമ്പാകെ ഇരുവരും നല്കിയ മൊഴിയാണ് മാറ്റിയത്.
ഇന്നലെ നടന്ന സാക്ഷിവിസ്താരത്തിനിടെ എന്തെല്ലാമാണ് കണ്ടെടുത്തതെന്ന് ഓര്‍ക്കുന്നില്ലെന്ന് ഇരുവരും വ്യക്തമാക്കിയതോടെയാണ് ഇരുവരെയും കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."