76 വര്‍ഷങ്ങള്‍ക്കുശേഷം 'ലെക്‌സിങ്ടണി'നെ കണ്ടെത്തി
സിഡ്‌നി: രണ്ടാം ലോകമഹായുദ്ധകാലത്ത് കടലില്‍ മുങ്ങിയ യു.എസ് യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. യു.എസ്.എസ് ലെക്‌സിങ്ടണ്‍ വിമാനവാഹിനി കപ്പലാണ് ആസ്‌ത്രേലിയന്‍ തീരത്തിനടുത്ത് പ്രത്യക്ഷപ്പെട്ടത്.
തെക്കന്‍ പസഫിക്കിലെ കോറല്‍ സമുദ്രത്തില്‍ മൂന്ന് കി.മീറ്റര്‍ താഴ്ചയിലാണു കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ടാം ലോകയുദ്ധത്തിനിടെ നടന്ന പ്രധാന നാവിക പോരാട്ടങ്ങളില്‍ ഒന്നായ കോറല്‍ സമുദ്ര ഏറ്റുമുട്ടലിനിടെയാണു കപ്പല്‍ സമുദ്രത്തില്‍ മുങ്ങിയത്.
1942ല്‍ ജപ്പാനെതിരേ ആസ്‌ത്രേലിയന്‍ നാവികസേനയുമായി ചേര്‍ന്നായിരുന്നു യു.എസ് സൈനിക നടപടി. മെയ് നാലുമുതല്‍ എട്ടുവരെയായിരുന്നു സമുദ്രത്തില്‍ സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കപ്പല്‍ മുങ്ങി സൈനികര്‍ അടക്കം 216 ജീവനക്കാരാണു മരിച്ചത്. 2,000ത്തോളം പേരെ രക്ഷിക്കുകയും ചെയ്തു.
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്റെ നേതൃത്വത്തിലുള്ള വള്‍ക്കാന്‍ കമ്പനിയിലെ ഒരുസംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്. കപ്പലിനൊപ്പമുണ്ടായിരുന്ന 35 വിമാനങ്ങളില്‍ 11 എണ്ണത്തിന്റെ അവശിഷ്ടങ്ങളും ഇതിലുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും സംഘം പുറത്തുവിട്ടിട്ടുണ്ട്. കാര്യമായ കേടുപാടുകള്‍ പറ്റാത്ത സ്ഥിതിയിലാണു കപ്പലുള്ളത്.
ലെക്‌സിങ്ടണ്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ കാര്യം യു.എസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ദൗത്യസംഘത്തെ യു.എസ് പസഫിക് കമാന്‍ഡ് മേധാവി അഡ്മിറല്‍ ഹാരി ഹാരിസ് അഭിനന്ദിച്ചു.
പസഫിക് സമുദ്രത്തിലെ ജപ്പാന്റെ മുന്നേറ്റത്തിനു തടയിട്ട നിര്‍ണായക പോരാട്ടമായിരുന്നു കോറല്‍ സമുദ്ര യുദ്ധം.
ജപ്പാന്റെ നിരന്തരമായ ബോംബ് ആക്രമണത്തിലും കപ്പല്‍ നശീകരണ സ്‌ഫോടനത്തിലുമാണു ലെക്‌സിങ്ടണ്‍ കടലില്‍ മുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."