ശ്രീലങ്കക്ക് അഞ്ച് വിക്കറ്റ് വിജയം
കൊളംബോ: നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ മത്സരത്തില്‍ ശ്രീലങ്കക്ക് അഞ്ച് വിക്കറ്റ് വിജയം. കൃത്യമായ ബൗളിങ്ങിലൂടെ ലങ്കന്‍ ബാറ്റിങ്ങ് നിരയെ പിടിച്ചുകെട്ടാന്‍ കഴിയാതിരുന്നതാണ് ഇന്ത്യന്‍ തോല്‍വിക്ക് കാരണം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മടങ്ങി.
തൊട്ടടുത്ത ഓവറില്‍ സുരേഷ് റെയ്‌നയും പുറത്തായതോടെ ഒന്‍പത് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. പിന്നീടെത്തിയ ശിഖാര്‍ ധവാനും മനീഷ് പാണ്ഡെയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. 37 റണ്‍സ് നേടി മനീഷ് പാണ്ഡെ പുറത്തായെങ്കിലും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ശിഖാര്‍ ധവാന്‍ 90 റണ്‍സ് നേടി. 49 പന്തില്‍ നിന്ന് ആറ് സിക്‌സും ആറും ബൗണ്ടറിയുമായിരുന്നു ധവാന്റെ സമ്പാധ്യം. 18-ാം ഓവറിലാണ് ധവാന്‍ പുറത്തായത്. 13 റണ്‍സുമായി ദിനേഷ് കാര്‍ത്തിക് പുറത്താകാതെ നിന്നു. ശ്രീലങ്കക്ക് വേണ്ടി ദുഷ്മന്ത ചമീര രണ്ട് വിക്കറ്റ് നേടി. നുവാന്‍ പ്രദീപ്, ജീവന്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലക എന്നിവര്‍ ലങ്കക്ക് വേണ്ടി ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
66 റണ്‍സുമായി കുശാല്‍ പെരേരയാണ് ശ്രീലങ്കന്‍ വിജയത്തിന് തുണയായത്. 22 പന്തില്‍ തന്നെ അര്‍ധ ശതകം പൂര്‍ത്തിയാക്കിയ പെരേരയെ വാഷിങ്ടണ്‍ സുന്ദറാണ് പുറത്താക്കിയത്. 22 റണ്‍സ് നേടി തിസാര്‍ പെരേരയും ശ്രീലങ്കന്‍ ബാറ്റിങ് നിരയില്‍ മികച്ച് നിന്നു. ഗുണതിലക 19ഉം ഉപുല്‍ തരംഗ 17 റണ്‍സും നേടി.
ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ പിടിച്ചു കെട്ടാനാകാതെ വന്നതോടെയാണ് ഇന്ത്യക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. വിജയം കൈപ്പിടിയിലൊതുക്കാമെന്ന് തോന്നിയിരുന്നെങ്കിലും 17ാ മത്തെ ഓവറില്‍ വഴങ്ങിയ റന്‍സാണ് ലങ്കന്‍ വിജയത്തിന് നിര്‍ണായകമായത്.
ധോണി, കോഹ്ലി എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി പുതുമുഖ താരങ്ങളുമായിട്ടായിരുന്നു ഇന്ത്യ ഇറങ്ങിയത്. ഇന്ത്യക്ക് വേണ്ടി ചഹല്‍ ,വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജയ്‌ദേവ് ഉദ്കാന്ത് ഒരു വിക്കറ്റും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."