സര്‍വകക്ഷി യോഗം പ്രഹസനം പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച കൊടിതോരണങ്ങള്‍ മാറ്റിയില്ല
പരപ്പനങ്ങാടി: പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം പ്രഹസനമാകുന്നു.
പരപ്പനങ്ങാടി മുനിസിപ്പല്‍ പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ കെട്ടിയുയര്‍ത്തിയ കൊടിതോരണങ്ങള്‍ മാറ്റാത്തത് പ്രതിഷേധത്തിന് കാരണമാകുകയാണ്. പൊതുസ്ഥലങ്ങളിലുള്ള ഫ്‌ളക്‌സ് ബോര്‍ഡ്, കൊടി, സ്തൂപങ്ങള്‍ മുതലായവ നീക്കം ചെയ്യുന്നതിനു വേണ്ടി പൊലിസിന്റെയും തിരൂരങ്ങാടി തഹസില്‍ദാറിന്റെയും സാന്നിധ്യത്തില്‍ ഫെബ്രുവരി ഏഴിനാണ് വിവിധ സംഘടനകളുടെ സര്‍വകക്ഷി യോഗം നടന്നത്.
യോഗം കഴിഞ്ഞ് ഇന്നേക്ക് ഒരു മാസം പിന്നിട്ടിട്ടും ഇലക്ട്രിക് പോസ്റ്റുകളിലെ എഴുത്തുള്‍പ്പെടെ കൊടിതോരണങ്ങള്‍ മാറ്റാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കൊടി തോരണങ്ങള്‍ പലയിടങ്ങളിലും റോഡിലേക്കും ഫുട്പാത്തിലേക്കും പൊട്ടിവീണ് വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായിട്ടുണ്ട്. സര്‍വകക്ഷി തീരുമാനപ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടേയും മറ്റും പരിപാടികളുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ കെട്ടിയുയര്‍ത്തുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും ബാനറുകളും പരിപാടികള്‍ കഴിഞ്ഞാല്‍ ഉടന്‍ അഴിച്ചു മാറ്റണമെന്നാണ് ധാരണ. ഏഴിന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ 15നകം മാറ്റാന്‍ സംഘടനകള്‍ക്ക് സമയം നല്‍കുകയും അല്ലാത്ത പക്ഷം പൊലിസും റവന്യു വകുപ്പും ചേര്‍ന്ന് മാറ്റുമെന്നുമായിരുന്നു തീരുമാനം. എന്നാല്‍ പല സ്ഥലങ്ങളിലും സംഘര്‍ഷങ്ങള്‍ക്ക് വരെ കാരണമാകുന്ന കൊടിത്തോരണങ്ങളും മറ്റും എടുത്തു മാറ്റാത്ത സംഘടനകളുടെ നടപടിക്കെതിരേ പൊലിസ് നിസ്സംഗത പാലിക്കുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."