വട്ടപ്പാറയിലെ അപകടം രക്ഷിക്കാനെത്തിയവര്‍ നിസഹായരായി
മാര്‍ബിളുമായി വന്ന വലിയ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയ്ക്കു മുകളിലേക്കു മറിയുകയായിരുന്നു
വളാഞ്ചേരി: മൂന്നു മനുഷ്യര്‍ ജീവനുവേണ്ടി പിടയുമ്പോള്‍ സഹായിക്കാനാകാതെ നിസഹായരായി നാട്ടുകാര്‍. ഇന്നലെ വളാഞ്ചേരി വട്ടപ്പാറ വളവില്‍ നടന്ന അപകടത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്താനാകാതെ നാട്ടുകാര്‍ക്കു നോക്കിനില്‍ക്കേണ്ടിവന്നത്.
മാര്‍ബിളുമായി വന്ന വലിയ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണംവിട്ട് ഞൊടിയിടയില്‍ ഓട്ടോറിക്ഷയ്ക്കു മുകളിലേക്കു മറിയുകയായിരുന്നു. ഓട്ടോറിക്ഷ ലോറിക്കടിയില്‍ ഞെരിഞ്ഞമരാന്‍ അധിക നേരം വേണ്ടിവന്നില്ല. മറിഞ്ഞ ലോറിക്കടിയില്‍ കുടുങ്ങിയ ഓട്ടോറിക്ഷയിലെ യാത്രക്കാരെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ വലിയ ശ്രമം നടത്തിയെങ്കിലും ഒരു നിര്‍വാഹവുമില്ലായിരുന്നു. ലോറിയുടെ ഭാരംമൂലം ഇതു പൊക്കാനാകാതെ നാട്ടുകാര്‍ കണ്ണീരോടെ നിസഹായരായി.
തുടര്‍ന്നു ജെ.സി.ബി എത്തിച്ചു ലോറി ഉയര്‍ത്തിയാണ് മൂന്നു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടത്തില്‍ ചതഞ്ഞരഞ്ഞ ഓട്ടോറിക്ഷയും ജെ.സി.ബി നീക്കം ചെയ്തു. കാടാമ്പുഴ, കുറ്റിപ്പുറം എസ്.ഐമാരുടെ നേത്രുത്വത്തിലുള്ള പൊലിസ് സംഘവും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഓട്ടോഡ്രൈവര്‍ വളാഞ്ചേരി പാലച്ചോട് കാട്ടുബാവ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് നിസാര്‍ (33), യാത്രക്കാരായ കാട്ടിപരുത്തി പരേതനായ തയ്യില്‍ സൈയ്തലവിയുടെ ഭാര്യ കദീജ (48), ഇവരുടെ മരുമകള്‍ ആതവനാട് കുന്നത്ത് ഷാഹിന (25) എന്നിവരാണ് മരിച്ചത്. ഷാഹിനയെ വളാഞ്ചേരിയില്‍ ഡോക്ടറെ കാണിച്ച് ആതവനാടുള്ള അവരുടെ വീട്ടിലേക്കു പോകുമ്പോഴാണ് അപകടം.
ദേശീയപാത നിലവില്‍വന്നതു മുതലേ വട്ടപ്പാറ വളവില്‍ അപകടങ്ങള്‍ പതിവാണ്. പലതവണ റോഡ് നവീകരിക്കുകയും അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ട സംവിധാനങ്ങളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടും അപകടങ്ങള്‍ക്കു യാതൊരു കുറവുമുണ്ടായിട്ടില്ല. അടുത്ത കാലത്തായി ലോഡ് വഹിച്ചുപോകുന്ന വാഹനങ്ങളും ടാങ്കറുകളുമാണ് അപകടത്തില്‍പ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."