ജയാ ബച്ചനെ രാജ്യസഭയിലെത്തിക്കാന്‍ എസ്.പി തീരുമാനം
ന്യൂഡല്‍ഹി: ജയാ ബച്ചനെ രാജ്യസഭയിലെത്തിക്കാന്‍ സമാജ് വാദി പാര്‍ട്ടി തീരുമാനം. തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് അവരെ രാജ്യസഭയിലെത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി എസ്.പി വക്താവ് അറിയിച്ചു. ആറ് എം.പിമാരുടെ ഒഴിവാണ് രാജ്യസഭയില്‍ സമാജ് വാദി പാര്‍ട്ടിക്കുണ്ടാകുന്നത്. ഓരോ എം.പിമാര്‍ വീതം ബി.എസ്.പി, കോണ്‍ഗ്രസ്, ബി.ജെ.പി പാര്‍ട്ടികള്‍ക്കും ഒഴിവു വരുന്നുണ്ട്. ബി.എസ്.പി അധ്യക്ഷ മായാവതി കഴിഞ്ഞ വര്‍ഷം രാജിവച്ച ഒഴിവും രാജ്യസഭയിലുണ്ട്. ഈ വര്‍ഷം ഉത്തര്‍പ്രദേശില്‍ നിന്ന് 10 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുതിര്‍ന്ന നേതാവ് നരേഷ് അഗര്‍വാളിനെ ഒഴിവാക്കിയാണ് ജയാ ബച്ചനെ രാജ്യസഭയിലേക്ക് അയക്കാന്‍ എസ്.പി തീരുമാനിച്ചത്. രാജ്യസഭാംഗമായ അദ്ദേഹത്തിന്റെ കാലാവധി ഏപ്രിലില്‍ അവസാനിക്കും. മൂന്ന് തവണ എസ്.പി ടിക്കറ്റില്‍ രാജ്യസഭയില്‍ എത്തിയ അംഗമാണ് ജയാ ബച്ചന്.
യു.പിയില്‍ എട്ടുസീറ്റുകളിലെങ്കിലും തങ്ങളുടെ സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനുള്ള ശേഷി ബി.ജെ.പിക്കുണ്ട്. 403 അംഗ നിയമസഭയില്‍ 325 എം.എല്‍.എമാരുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്.
47 അംഗങ്ങളുടെ പിന്‍ബലമുള്ള എസ്.പിക്ക് ഒരംഗത്തിനെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള ശേഷിയേ ഉള്ളൂ. അതുകൊണ്ടുതന്നെ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ഏഴ് എം.എല്‍.എമാരുള്ള കോണ്‍ഗ്രസുമായും 19 എം.എല്‍.എമാരുള്ള ബി.എസ്.പിയുമായും അവര്‍ ചര്‍ച്ച നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."