ഇനി ലോകത്തെവിടെ നിന്നും ഗ്രാമസഭയില്‍ പങ്കെടുക്കാം
മലപ്പുറം: ലോകത്തെവിടെയായാലും ഇനി ഗ്രാമസഭാ യോഗങ്ങളില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പങ്കുവെക്കാം. ഗ്രാമസഭകളില്‍ നേരിട്ട് ഹാജറാവാന്‍ സാധിക്കാത്തവര്‍ക്കായി ഓണ്‍ലൈനായി പങ്കെടുക്കാന്‍ അവസരമൊരുക്കുന്ന പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമായി. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഗ്രാമസഭയില്‍ പങ്കുവെക്കാന്‍ ഇതുവഴി അവസരമുണ്ടാവും.
പദ്ധതി രൂപീകരണം സംബന്ധിച്ചുള്ള നിര്‍ദേശം സമര്‍പ്പിക്കുന്നതിനുമുള്ള സൗകര്യവും സോഫ്റ്റവെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശമലയാളിള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാവും. പ്രവാസികളുടെ പ്രയാസങ്ങളും പരാതികളും ഇനി ഗ്രാമസഭകളില്‍ ചര്‍ച്ചാ വിഷയമാവും. ഇടുക്കി ജില്ലയിലെ പെരുവന്താനം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കഴിഞ്ഞ മാസം പ്രവാസിമലയാളികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ഗ്രാമസഭ സംഘടിപ്പിച്ചിരുന്നു. വിവിധരാജ്യങ്ങളിലുള്ള ഇരുപതോളം പ്രവാസികളാണ് ഈ ഗ്രാമസഭയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ അറിയിച്ചത്.
ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജീവമാകുന്നതോടെ സംസ്ഥാന മുഴുവന്‍ ഗ്രാമസഭകളും ഈ രീതിയിലേക്ക് മാറും.
ഗ്രാമസഭാ പോര്‍ട്ടല്‍ സംബന്ധിച്ച് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ പരിശീലനം നല്‍കാനായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍മാരെയും ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ടെക്‌നിക്കല്‍ ഓഫീസര്‍മാരെയും ഉള്‍പ്പെടുത്തി ജില്ലാ തലത്തില്‍ ടീം രൂപീകരിക്കും.
ഇവരുടെ നേതൃത്വത്തില്‍ ഓരോ ജില്ലയിലേയും മുഴുവന്‍ സെക്രട്ടറിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും പരിശീലനം നല്‍കും. പരിശീലന പരിപാടികള്‍ സംബന്ധിച്ച സമയക്രമം പ്രത്യേകം തയ്യാറാക്കി ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ പത്ത് ദിവസത്തിനകം പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസില്‍ അറിയിക്കാന്‍ നിര്‍ദേശമുണ്ട്.
എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഗ്രാമസഭ സംബന്ധമായതും പൊതുവായതുമായ എല്ലാ അറിയിപ്പുകളും പോര്‍ട്ടല്‍ വഴിയാക്കി ഏപ്രില്‍ അവസാനത്തോടെ പോര്‍ട്ടല്‍ കുടുതല്‍ വിപുലമാക്കാനാണ് പദ്ധതി. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ സഹായത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."