മോദിസര്‍ക്കാര്‍ നിയോഗിച്ച സമിതി ചരിത്രം തിരുത്തിയെഴുതും
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരിത്രം തിരിത്തിയെഴുതാനായി നരേന്ദ്രമോദി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ആറുമാസം മുമ്പ് നിയോഗിച്ച സമിതിക്ക് ഇന്ത്യയുടെ പൗരാണിക ചരിത്രത്തിന്റെ ചില ഘടകങ്ങളെ മാറ്റിയെഴുതാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഹിന്ദു പുരാണ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി ചരിത്ര ഗ്രന്ഥങ്ങള്‍ മാറ്റിയെഴുതുകയാണ് സമിതിയുടെ ചുമതലയെന്നും സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുരാണം ചരിത്രമായി സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്‌ചെയ്തു.
സമിതിയെ നിയോഗിച്ച കാര്യം കേന്ദ്ര സാംസ്‌കാരികമന്ത്രി മഹേഷ് ശര്‍മ സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരിയില്‍ സമിതിയുടെ യോഗം ചേര്‍ന്നതായും യോഗത്തിന്റെ മിനുട്‌സ് ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയക്കാരും സംഘപരിവാര ചരിത്രകാരന്‍മാരും ഉള്‍പ്പെടെ 14 അംഗങ്ങളാണ് സമിതിയിലുള്ളത്. മഹേഷ് ശര്‍മയാണ് സമിതി അധ്യക്ഷന്‍. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നു സമിതിയുടെ ചുമതലയുള്ള ഇന്ത്യന്‍ പുരാവസ്ഥു വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ കെ.എന്‍ ദീക്ഷിത് അറിയിച്ചു.മധ്യേഷ്യയില്‍നിന്നും മറ്റുമുള്ള കുടിയേറ്റത്തിലൂടെയാണ് ഇന്ത്യന്‍ സംസ്‌കാരം രൂപപ്പെട്ടതെന്ന ചരിത്രത്തെ സംഘപരിവാരം അംഗീകരിച്ചിട്ടില്ല. ഹിന്ദുക്കള്‍ ചരിത്രാതീത കാലം മുതല്‍ ഇന്നത്തെ ഇന്ത്യ ഉള്‍പ്പെടുന്ന ഉപഭൂഖണ്ഡത്തില്‍ ജീവിച്ചിരുന്നിരുന്നുവെന്നും ഇന്ത്യയിലെ ആദിമ ജനതയാണ് ഹിന്ദുക്കളുടെ പൂര്‍വികരെന്നുമാണ് ആര്‍.എസ്.എസ് വാദം.
ഇക്കാര്യം ചരിത്രപരമായി സ്ഥാപിക്കുകയാവും സമിതി ചെയ്യുക. ഹിന്ദു ഗ്രന്ഥങ്ങള്‍ യഥാര്‍ത്ഥ വസ്തുതകളാണെന്ന് സമിതി സ്ഥാപിക്കും. രാമായണം, മഹാഭാരതം പോലുള്ള ഹൈന്ദവ മതഗ്രന്ഥങ്ങളെ ചരിത്രപരമായ രേഖയാക്കുകയുംചെയ്യും. ശാസ്ത്രങ്ങള്‍ക്കും സത്യങ്ങള്‍ക്കുമപ്പുറം മിത്തുകള്‍ക്കും പുരാണങ്ങള്‍ക്കും പുതിയ ചരിത്രത്തില്‍ പ്രാധാന്യം ലഭിക്കും.
ഇന്ത്യയിലെ നിലവിലെ ചരിത്രം തിരുത്തുന്നതിനു പുറമെ രാജ്യത്തെ ഹൈന്ദവരുടെ ചരിത്രത്തിന് പുതിയ മാനം നല്‍കുകകൂടിയാണ് സമിതിയുടെ ലക്ഷ്യം. അതിനായി പുരാവസ്തു കണ്ടെത്തലുകളും ഡി.എന്‍.എ പോലുള്ള തെളിവുകളും ഉപയോഗിക്കുമെന്ന് പറയുന്ന റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്, ഇന്ത്യയുടെ ചരിത്രനിര്‍മിതിയില്‍ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കുകയെന്ന രഹസ്യഅജണ്ട സമിതിക്കുണ്ടെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, 12,000 വര്‍ഷങ്ങള്‍ക്ക് മുമ്പള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉദ്ഭവം അവലോകനം ചെയ്യുന്നതിനായി പ്രത്യേകസമിതിയെ നിയോഗിച്ചുവെന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗികരേഖകളിലുള്ളത്. സമിതി സമര്‍പ്പിക്കുന്ന പുതിയ ചരിത്രം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കൈമാറും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാനവ വിഭവശേഷി മന്ത്രാലയം അവ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയാവും ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."