വനിതാദിനം പണിമുടക്കി ആഘോഷിച്ച് സ്പാനിഷ് സ്ത്രീസംഘടനകള്‍
പാരിസ്: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി വേറിട്ട പ്രതിഷേധവുമായി സ്‌പെയിനിലെ വനിതാ പോരാളികള്‍. ഇന്നലെ 24 മണിക്കൂര്‍ പണിമുടക്കിയാണ് വനിതാദിനം പ്രതിഷേധ പ്രകടനമായി ആഘോഷിച്ചത്. ജോലിയിടങ്ങളിലും മറ്റുമുള്ള അസമത്വത്തിലും ലൈംഗിക ചൂഷണത്തിലും പ്രതിഷേധിച്ചായിരുന്നു സമരം.
'8 മാര്‍ച്ച് കമ്മിഷന്‍' എന്ന പേരിലുള്ള വനിതാ ആക്ടിവിസ്റ്റ് ഗ്രൂപ്പ് ആണ് പണിമുടക്ക് സമരത്തിന് ആഹ്വാനം ചെയ്തത്. ഇതിനെ പിന്തുണച്ച് പത്തോളം യൂനിയനുകളും സ്‌പെയിനിലെ പ്രധാന വനിതാ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയതോടെയാണു സമരം രാജ്യവ്യാപകമായ പ്രതിഷേധരൂപം പൂണ്ടത്.
24 മണിക്കൂറായിരുന്നു 'സ്ത്രീകള്‍ നിര്‍ത്തിയാല്‍ ലോകവും നിലയ്ക്കും' എന്ന മുദ്രാവാക്യവുമായി പണിമുടക്ക് നടന്നത്.
സമരം സ്‌പെയിനില്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പണിമുടക്കിനെ തുടര്‍ന്ന് 300 ട്രെയിനുകളാണു വ്യാഴാഴ്ച റദ്ദാക്കിയത്. മാഡ്രിഡിലെ ഭൂഗര്‍ഭ ഗതാഗതവും നിലച്ചു. മറ്റു പൊതു-സ്വകാര്യ വ്യവസായ മേഖലകളെയും പണിമുടക്ക് ബാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."