ലൈറ്റ് മെട്രോ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; ഇ. ശ്രീധരനെ ഓടിച്ചുവിട്ടെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. സാമ്പത്തികമാണ് പ്രശ്നം. ഇ. ശ്രീധരന് ഉദ്ദേശിക്കുന്ന അതേ വേഗത്തില്‍ സര്‍ക്കാരിനു നീങ്ങാന്‍ കഴിയുന്നില്ല. കേന്ദ്രാനുമതി കിട്ടിയതിനു ശേഷം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനെ കാണാതിരുന്നത് തനിക്ക് തിരക്കായതിനാലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ.ശ്രീധരന് സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച പ്രശ്നങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയിരുന്നു. കെ.മുരളീധരന് എം.എല്‍.എയാണ് നോട്ടിസ് നല്‍കിയത്.
ലൈറ്റ് മെട്രോ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഡിഎംആര്‍സി പിന്മാറിയത് സര്‍ക്കാരിന്റെ താത്പര്യക്കുറവ് മൂലമാണെന്ന് മുളീധരന്‍ ആരോപിച്ചു. മെട്രോമാന് ഇ. ശ്രീധരന് പിന്മാറിയ പദ്ധതി ഇനി ആരും ഏറ്റെടുക്കില്ല. ലാഭത്തിലല്ലെന്നു കരുതി കെ.എസ്.ആര്.ടി.സി പൂട്ടുമോയെന്നും കെ.മുരളീധരന് ചോദിച്ചു.
അതേസമയം സര്‍ക്കാര്‍ ലൈറ്റ്മോട്രോയെ അല്ല ഇ.ശ്രീധരനെയാണ് ഓടിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിന് ഇടത് സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."