ഹജ്ജ്: അഞ്ചാം തവണക്കാരുടെ ആവശ്യം ന്യായമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: തുടര്‍ച്ചയായ അഞ്ചാംതവണയും ഹജ്ജ് തീര്‍ത്ഥാടനത്തിനായി അപേക്ഷിച്ചവര്‍ ഉന്നയിച്ച ആവശ്യം ന്യായമാണെന്ന് സുപ്രിംകോടതി. തുടര്‍ച്ചയായി നാലു തവണ അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ 2,000ല്‍ താഴെ മാത്രമാണെന്നും ഇവര്‍ക്ക് ഈ വര്‍ഷം ഹജ്ജിനു പോവാന്‍ എങ്ങനെയെങ്കിലും അവസരം ഉണ്ടാക്കാന്‍ കഴിയുമോയെന്നും സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.
ഈ വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ ഹജ്ജ് നയം ചോദ്യംചെയ്ത് കേരളാ ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച്.
സര്‍ക്കാര്‍ വിശദീകരണം
എന്നാല്‍, ഇക്കുറി ഹജ്ജിനു പോകേണ്ടവരുടെ നറുക്കെടുപ്പ് കഴിഞ്ഞുവെന്നും അവരില്‍ നിന്നു മുന്‍കൂര്‍ തുക കൈപ്പറ്റിയെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇനി അതില്‍ മാറ്റം വരുത്താനാവില്ല. ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്കുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയ ഈ ഘട്ടത്തില്‍ ഇക്കാര്യത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ല. സഊദി അറേബ്യ അധികമായി അനുവദിച്ച 5,000 ഹജ്ജ് സീറ്റ് ജനസംഖ്യാനുപാതികമായ എല്ലാ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കും വിതരരണം ചെയ്തു കഴിഞ്ഞു.
അധിക സീറ്റുകളിലേക്ക് നറുക്കെടുപ്പ് നടന്നിട്ടില്ലെങ്കിലും ഈ സീറ്റുകള്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള അപേക്ഷകര്‍ക്ക് കൊടുക്കേണ്ടി വരും. ഇത് അഞ്ചാം തവണക്കാരായ അപേക്ഷകര്‍ക്കു നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെയാണ് അഞ്ചാം തവണക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായമാണെന്നും അവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഈ വര്‍ഷംതന്നെ ഹജ്ജിനു സൗകര്യം ഒരുക്കുന്നതിനെ കുറിച്ച് ആലോചിക്കാനും കോടതി നിര്‍ദേശം നല്‍കിയത്. ഇതുസംബന്ധിച്ച് അഞ്ചുദിവസത്തിനുള്ളില്‍ അറിയിക്കാനാണ് കോടതി നിര്‍ദേശം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍
അതേസമയം, കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടരുടെ എംബാംര്‍ക്കേഷന്‍ പോയിന്റ് (പുറപ്പെടല്‍ കേന്ദ്രം) കരിപ്പൂര്‍ വിമാനത്താവളം ആക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിനു പരിഗണിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സൗകര്യമുണ്ടെന്ന് ഇതുസംബന്ധിച്ച സാങ്കേതിക വിദഗ്ധരുടെ സമിതി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന് അനുകൂല തീരുമാനം എടുക്കാവുന്നതേയുള്ളൂ. ഇതൊരു സാങ്കേതിക വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കോടതിക്ക് ഒരു തീരുമാനം എടുക്കാനാവില്ലെന്നും ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."