പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഡി.എം.ആര്.സിയെ ഒഴിവാക്കുന്നതിനെതിരേ പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്. പദ്ധതി പ്രദേശങ്ങളായ തിരുവനന്തപുരത്തും കോഴിക്കോട്ടും യു.ഡി.എഫ് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ബഹുജന പിന്തുണയോടെ ആയിരിക്കും പ്രക്ഷോഭം നടത്തുകയെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഴിമതി ലക്ഷ്യമാക്കിയാണ് ഡി.എം.ആര്.സിയേയും ഇ. ശ്രീധരനെയും ഒഴിവാക്കി ആഗോള ടെന്‍ഡറിനു സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഡി.എം.ആര്.സിയെ ഒഴിവാക്കുന്നു എന്നു പറഞ്ഞ് പ്രക്ഷോഭം നടത്തിയവരാണ് ഇപ്പോള്‍ അധികാരത്തിലെത്തിയപ്പോള്‍ ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഡി.എം.ആര്.സിയെ ഒഴിവാക്കുന്നത്. കമ്മീഷന് ദാഹികളാണ് ഡി.എം.ആര്.സിയെ ഒഴിവാക്കുന്നതെന്നായിരുന്നു അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ് അച്യുതാനന്ദന്റെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ ഡി.എം.ആര്.സിയെ ഒഴിവാക്കി സ്വകാര്യ കമ്പനികളെ തേടുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. ഇതിനെതിരേ ശക്തമായ സമരംനടത്തും. ലൈറ്റ് മെട്രോ സംബന്ധിച്ച് നേരത്തെ മന്ത്രി ജി. സുധാകരന് വിളിച്ച യോഗത്തില്‍, പദ്ധതിക്കു കേന്ദ്രാനുമതി നേടിയെടുക്കാന്‍ താന്‍ ശ്രമിക്കാമെന്ന് ഇ. ശ്രീധരന് പറഞ്ഞിരുന്നെന്ന് കെ. മുരളീധരന് പറഞ്ഞു. ശ്രീധരനെ ഒഴിവാക്കുക വഴി കേന്ദ്രാനുമതി നേടാന്‍ അദ്ദേഹത്തിന്റെ സഹായം ലഭിക്കുന്നതു കൂടി ഇല്ലാതാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനൂപ് ജേക്കബ്, വി.എസ് ശിവകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."