നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പന്മന ഗ്രാമപഞ്ചായത്ത് ബജറ്റ്
ചവറ: സമഗ്ര ആരോഗ്യ സംരക്ഷണത്തിന് പാരമ്പര്യ ജീവിതരീതികള്‍ക്കുള്ള പദ്ധതികള്‍ കോര്‍ത്തിണക്കി പന്മന ഗ്രാമ പഞ്ചായത്തില്‍ 2018-19 വാര്‍ഷിക പദ്ധതിക്കുള്ള ബജറ്റ് അവതരിപ്പിച്ചു.
നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുള്ള ബജറ്റില്‍ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി ഭവന നിര്‍മാണത്തിനാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.
27,95,83669 രൂപ വരവും, 26,83,60000 രൂപ ചെലവും 1,12, 23669 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ജെ.അനില്‍ അവതരിപ്പിച്ചു.
ഭവന നിര്‍മാണത്തിന് 1 കോടി 24 ലക്ഷം രൂപ, വാസയോഗ്യമല്ലാത്ത വീടുകള്‍ നവീകരിക്കുന്നതിന് 24 ലക്ഷം, കാര്‍ഷിക മേഖലയ്ക്ക് 23 ലക്ഷം, മൃഗസംരക്ഷണത്തിന് 85 ലക്ഷം, ക്ഷീര വികസനം 30 ലക്ഷം രൂപ, കുടുംബശ്രീക്ക് 15 ലക്ഷം രൂപയും വകയിരുത്തിയ ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്ന് കോടി രൂപ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇടപ്പള്ളിക്കോട്ടയില്‍ ആധുനിക ഷോപ്പിങ് ആര്‍ക്കേഡ് നിര്‍മിക്കും. 2കോടി 48 ലക്ഷം രൂപയാണ് ഇതിന് വകകൊള്ളിച്ചിരിക്കുന്നത്.
പട്ടികജാതി വികസനത്തിന് 1 കോടി 30 ലക്ഷം രൂപയും, വയോജനക്ഷേമത്തിന് 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
സാമൂഹ്യക്ഷേമത്തിന് 1 കോടി 30 ലക്ഷം രൂപ വകയിരുത്തിയ ബജറ്റില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് എട്ട് ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പഞ്ചായത്തിന്റെ പ്രത്യേക പദ്ധതികളായി ഏഴിനം കര്‍മ പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഫലശ്രീ, കല്‍പക, സൗഭാഗ്യ, പഴമയിലൂടെ ആരോഗ്യത്തിലേക്ക്, ജലസുരക്ഷ, സമഗ്ര ആരോഗ്യ സംരക്ഷണം, പന്മനയുടെ വികസന ചരിത്രം എന്നിവ നടപ്പാക്കാന്‍ 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
മാലിന്യ നിര്‍മാര്‍ജനം, കുടിവെള്ള വിതരണം എന്നിവയ്ക്ക് കൂടുതല്‍ തുക ഉള്‍പ്പെടുത്തണമെന്ന് അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാലിനി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ കറുകത്തല ഇസ്മയില്‍, മിനി ഓമനക്കുട്ടന്‍, ഹസീന, സെക്രട്ടറി സേവ്യര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."