വലിയതുറയിലെ കടല്‍ഭിത്തി നിര്‍മാണം മന്ദഗതിയിലെന്ന് മന്ത്രി
തിരുവനന്തപുരം: വലിയതുറയിലെ കടല്‍ ഭിത്തി പുനര്‍നിര്‍മാണം മന്ദഗതിയിലാണെന്ന് മന്ത്രി മാത്യൂ ടി. തോമസ്.
പാറയുടെ ദൗര്‍ലഭ്യമുള്ളതിനാല്‍ പ്രവൃത്തി തുടങ്ങാനായിട്ടില്ലെന്നും വി.എസ് ശിവകുമാറിന്റെ ഉപക്ഷേപത്തിന് മന്ത്രി മറുപടി നല്‍കി.
ചെറിയതുറയില്‍ 27മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി ബലപ്പെടുത്തു ന്നതിനായുള്ള പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിവരുന്നു.
വലിയതുറ കടല്‍പാലത്തിന്റെ വടക്ക് ഭാഗം വലിയതുറ പാലം മുതല്‍ ശംഖുമുഖം വരെ കടല്‍ഭിത്തിയ്ക്ക് ബലക്ഷയം സംഭവിക്കുകയും ഏകദേശം 1700 മീറ്ററോളം കടല്‍ഭിത്തി തകര്‍ന്നുപോവുകയും ചെയ്തിട്ടുണ്ട്.
പ്രദേശത്തെ കടല്‍ ഭിത്തിയുടെ പുനരുദ്ധാരണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കടല്‍പാലത്തിന്റെ തെക്ക് ഭാഗം വലിയതുറ പാലം മുതല്‍ ചെറിയ തുറ പാലം വരെ 550മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണ്.
പ്രദേശത്ത് രണ്ട് പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ചെറിയതുറയില്‍ കടല്‍ഭിത്തി ബലപ്പെടുത്താന്‍ 37.5 ലക്ഷവും വലിയതുറയില്‍ 37 ലക്ഷവും അനുവദിച്ചു.
എന്നാല്‍ പ്രവൃത്തികള്‍ക്ക് നിരവധി തവണ ടെന്‍ഡറും ക്വട്ടേഷനും വിളിച്ചിട്ടും ഒരു കരാറുകാരനും പാറയുടെ ദൗര്‍ലഭ്യം കാരണം പ്രവര്‍ത്തി ഏറ്റെടുത്തിട്ടില്ല.
ക്വാറികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാറയുടെ നിശ്ചിത ശതമാനം തീരദേശത്തെ കടല്‍ ഭിത്തി നിര്‍മാണത്തിന് നല്‍കണമെന്ന് സര്‍ക്കാരിന് ആവശ്യപ്പെടാമെങ്കിലും ഇത് നിയമപരമായി നിലനില്‍ക്കുമോയെന്ന് പറയാനാകില്ല.
പറയുടെ ക്ഷാമം മൂലം ജിയോ ട്യൂബില്‍ മണല്‍ നിറച്ച് ഉപയോഗിക്കുന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ട്.
ഓഖി ചുഴലിക്കാറ്റിനോടനുബന്ധിച്ച് ഈ ഭാഗത്ത് കൂടുതല്‍നാശ നഷ്ടമുണ്ടായി. പ്രദേശത്ത് 575 മീറ്റര്‍ കടല്‍ഭിത്തി പുനര്‍നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നു.
പൂന്തുറ മടുവം മുതല്‍ ചര്‍ച്ച് വരെയുള്ള ഭാഗങ്ങളില്‍ 35 മീറ്റര്‍, 30മീറ്റര്‍ നീളത്തില്‍ രണ്ട് കടല്‍ഭിത്തികള്‍ യഥാക്രമം 24.90 ലക്ഷത്തിനും 24.23 ലക്ഷത്തിനും പുനര്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ചെറിയതുറ കുരിശ്ശടി മുതല്‍ തെക്കോട്ട് 1245 മീറ്റര്‍ നീളത്തില്‍ 16.8 കോടി രൂപയുടെ 15 പുലിമുട്ടുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരുന്നു.
ചെറിയതുറ കുരിശ്ശടി മുതല്‍ വേളാങ്കണ്ണി കടപ്പുറം, ബീമാപള്ളി, മാമൂട്ടുവിളാകം, തൈക്കാപ്പള്ളിവരെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാറയുടെ ദൗര്‍ലഭ്യം മൂലം പ്രവൃത്തി മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ക്വാറികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാറയുടെ നിശ്ചിത ശതമാനം തീരദേശത്തെ കടല്‍ ഭിത്തി നിര്‍മ്മാണത്തിന് നല്‍കണമെന്ന് സര്‍ക്കാര്‍ ക്വാറി ഉടമകളോട് ആവശ്യപ്പെടണമെന്ന് വി.എസ് ശിവകുമാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."