എന്തുവന്നാലും ബി.ജെ.പിയിലേക്കില്ല; എല്ലാം ജയരാജന്റെ മാനസിക വിഭ്രാന്തിയെന്ന് കെ.സുധാകരന്‍
കണ്ണൂര്‍: ബി.ജെ.പിയുമായി അടുക്കുന്നുവെന്ന ആരോപണം തള്ളി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ബി.ജെ.പിയിലേക്ക് ക്ഷണം കിട്ടിയെന്ന് പറഞ്ഞത് രാഷ്ട്രീയ ധാര്‍മികത കൊണ്ട് മാത്രമാണ്. തന്റെ പ്രസ്താവന ദുരുപയോഗം ചെയ്താണ് മറിച്ചുള്ള പ്രചാരണങ്ങള്‍ നടത്തിയത്. അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ബി.ജെ.പിയില്‍ പോകുന്നുവെന്ന് പറഞ്ഞ് ആരെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ഇല്ലാതാക്കാനാണ് വിശദീകരണം. താന്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്ത ഭാഗം പ്രചരിപ്പിച്ച മറ്റൊരു സ്വകാര്യ ചാനലിനെതിരെ നിയമനടപടി ആലോചിക്കുകയാണ്. ബി.ജെ.പിക്കെതിരെയാണ് താന്‍ ഏറ്റവുമധികം സംസാരിക്കാറുള്ളത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുക എന്നത് ജയരാജനെപ്പോലുള്ളവര്‍ക്കേ കഴിയു. സ്വപ്‌നലോകം നഷ്ടപ്പെട്ടതിന്റെ മാനസിക വിഭ്രാന്തിയിലാണ് പി. ജയരാജന്‍ ഇങ്ങനെയൊക്കെ പറയുന്നത്. രാഷ്ട്രീയത്തില്‍ എന്തു സംഭവിച്ചാലും താന്‍ ഒരിക്കലും ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് സി.പി.ഐ തന്നെ പറഞ്ഞിട്ടുണ്ട്. ഏകാധിപത്യം ഫാസിസ്റ്റ് രീതിയാണ്. മുസ്‌ലിം ന്യൂനപക്ഷത്തിന് നേരെ ഏറ്റവുമധികം ആക്രമണങ്ങള്‍ നടത്തിയത് സി.പി.എമ്മാണ്. കണ്ണൂരിലും വടകരയിലും മുസ്‌ലിം സമുദായത്തില്‍ പെടുന്നവരെ മാത്രം തെരഞ്ഞെപിടിച്ച് കൊല്ലുകയും മുസ്‌ലിം വീടുകള്‍ മാത്രം തെരഞ്ഞെടുത്ത് കൊള്ളയടിക്കുകയും ചെയ്തു. തലശ്ശേരി കലാപത്തിന് പിന്നിലും സി.പി.എമ്മാണ്. കലാപം അന്വേഷിച്ചാല്‍ സി.പി.എമ്മിന്റെ കപട ന്യൂനപക്ഷ പ്രേമം വ്യക്തമാവും. ഗുജറാത്തില്‍ ബി.ജെ.പി മുസ്‌ലിംകള്‍ക്കെതിരെ ചെയ്തത് ഇവിടെ സി.പി.എം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."