അശോകനില്‍നിന്ന് മിത്രേട്ടനിലേയ്ക്കുള്ള ദൂരം
ഏറെക്കാലത്തിനുശേഷമാണ് പഴയ സഹപ്രവര്‍ത്തകനായ മിത്രേട്ടനെ കണ്ടത്. കുറേക്കാലമായി മകള്‍ക്കും കുടുംബത്തിനുമൊപ്പം ബംഗളൂരുവിലായിരുന്ന അദ്ദേഹം നാട്ടിലെത്തിയപ്പോഴാണ് പഴയ സുഹൃത്തുക്കളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. അങ്ങനെ മറ്റൊരു സുഹൃത്തിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ വച്ച് ഏറെ നേരം ഒരുമിച്ചിരുന്നു പോയകാലങ്ങള്‍ ഓര്‍ക്കാനുള്ള അവസരം ലഭിച്ചു.
ആ കൂട്ടായ്മയില്‍ പങ്കെടുക്കവേ അതിലുണ്ടായിരുന്ന ഓരോരുത്തരുടെയും വാക്കും മുഖഭാവവും അറിയാതെ ശ്രദ്ധിച്ചുപോയി. പലരുടെയും വാക്കുകളില്‍ ജീവിതപ്രാരാബ്ദത്തിന്റെ കാര്‍മേഘം നിഴലിച്ചിരുന്നു. മക്കളും പേരക്കുട്ടികളുമെല്ലാമുണ്ടായിട്ടും അവരെല്ലാം അകലെയായതിനാല്‍ ഒറ്റപ്പെട്ടതിന്റെ വേദന ചിലരുടെ സംസാരത്തില്‍ നിഴലിച്ചു. സന്തോഷം പ്രകടിപ്പിച്ച പല മുഖങ്ങളിലും ഒളിഞ്ഞിരിക്കുന്നത്, 'ജീവിച്ചിരിക്കുവോളം ജീവിക്കണമല്ലോ' എന്ന സ്വയം ആശ്വസിപ്പിക്കലാണെന്നു തോന്നി.
പക്ഷേ, മിത്രേട്ടന്റെ മുഖത്ത് അത്തരം നിരാശയോ ശൂന്യതയോ ഒന്നുമുണ്ടായിരുന്നില്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പ് യുവത്വത്തില്‍ എങ്ങനെയായിരുന്നോ അങ്ങനെ തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും അദ്ദേഹം ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു. മറ്റുള്ളവര്‍ക്കു പറയാന്‍ അധികം സമയം നല്‍കാതെ അദ്ദേഹം പണ്ടത്തെപ്പോലെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. അതിലേറെയും ബംഗളൂരുവിലെ ആസ്വാദ്യമായ ജീവിതത്തെക്കുറിച്ചായിരുന്നു.
തനി കണ്ണൂരുകാരനായ മിത്രേട്ടന് എങ്ങനെ ബംഗളൂരുവില്‍ 'ശ്വാസംമുട്ടലി'ല്ലാതെ ജീവിക്കാനാകുന്നുവെന്നായിരുന്നു ഞങ്ങളുടെ സംശയം. അതാരോ ചോദിക്കുകയും ചെയ്തു.
''അതിനെന്താടോ... കണ്ണൂരിനേക്കാള്‍ സുഖമാണ് ബാംഗ്ലൂര്... എനക്കവിടെ വേണ്ടത്ര സുഹൃത്തുക്കളുണ്ട്. മോളും മര്വോനും രാവിലെ പോയാല്‍ വൈകുന്നേരേ എത്തൂ. അതുവരെ ഞാനും ഭാര്യേം പേരക്കൂട്ടീനെ കളിപ്പിച്ചിരിക്കും. വൈകുന്നേരം പുറത്തുപോയി ഫ്രന്‍സിനോടു സൊറ പറഞ്ഞിരിക്കും. ഇവിടത്തേക്കാള്‍ പരമസുഖം.''
ആ സമയത്ത് എന്റെ മനസ്സിലൂടെ കടന്നുപോയത് മകളുടെ വിവാഹം നടന്നതറിഞ്ഞപ്പോഴുള്ള മിത്രേട്ടന്റെ മാനസികാവസ്ഥയായിരുന്നു. അദ്ദേഹം തകര്‍ന്നുപോകുമെന്നാണു പലരും കരുതിയത്. ഒരേയൊരു മകളാണ്. നന്നേ ചെറുപ്പം മുതല്‍ ഏറെ പ്രതീക്ഷയോടെ വളര്‍ത്തിയ കുട്ടിയാണ്. പഠിക്കാന്‍ ബഹുമിടുക്കി. എന്‍ജിനീയറിങ്ങിനു മെറിറ്റില്‍ നല്ല കലാലയത്തില്‍ പ്രവേശനം കിട്ടി. ബി.ടെക് നല്ല നിലയില്‍ പാസായപ്പോള്‍ എം.ടെക്കിനു ചേര്‍ന്നു. അതും നല്ല നിലയില്‍ വിജയിച്ചു. ഗവേഷണത്തിലായിരുന്നു അവള്‍ക്കു താല്‍പ്പര്യം.
മകളെ നല്ലനിലയില്‍, ഇത്തിരി ആര്‍ഭാടത്തോടെ തന്നെ വിവാഹം കഴിപ്പിക്കണമെന്നായിരുന്നു മിത്രേട്ടന്റെ മോഹം. അതിനിടയിലാണു മകള്‍ ഐ.ടി മേഖലയില്‍ത്തന്നെയുള്ള ഒരു മുസ്‌ലിം ചെറുപ്പക്കാരനുമായി അടുപ്പമാണെന്നും അവര്‍ തമ്മില്‍ വിവാഹിതരായെന്നും അറിയുന്നത്.
അതു കേട്ട മിത്രേട്ടന്‍ ആകെ തളര്‍ന്നുപോയെന്നാണ് ആദ്യം കേട്ടത്. എന്നാല്‍, പിന്നീട് മറ്റൊരു സുഹൃത്ത് പറഞ്ഞറിഞ്ഞത് മിത്രേട്ടന്‍ ആ ബന്ധം സന്തോഷത്തോടെ അംഗീകരിച്ചുവെന്നാണ്. കുറച്ചുനാള്‍ കഴിഞ്ഞു മിത്രേട്ടനെ കണ്ടപ്പോള്‍ അതു ശരിയാണെന്നു ബോധ്യമായി.
അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: ''എടോ..., മതവും ജാതിയുമൊക്കെ വലിയ പ്രശ്‌നാണോ. മനുഷ്യന്മാര്‍ തമ്മിലുള്ള സ്‌നേഹബന്ധല്ലേ വലുത്. ന്റെ മോള്‍ക്ക് ആ പയ്യനെ ഷ്ടായി... ഞാന്‍ അന്വേഷിച്ചപ്പം ഓന്‍ നല്ല സ്വഭാവക്കാരനാണ്. ഓന്റെ ഫാമിലീം നല്ലതാണ്. അവര് ഒന്നിക്കാന്‍ ആഗ്രഹിക്കുമ്പം നമ്മള് തടസ്സം പറയുന്നത് ശര്യാണോ. ഉള്ളകാലം സന്തോഷത്തോടെ ജീവിക്ക്വല്ലേ വേണ്ടത്. സ്‌നേഹല്ലേ.... ജാതീം മതോം അണോ വലുത്.''
മിത്രേട്ടനെ അത്ഭുതത്തോടെ നോക്കിപ്പോയി. ആ മനസ്സിന്റെ ആഴം കണ്ട് ആശ്ചര്യപ്പെട്ടുപോയി.
അതു കഴിഞ്ഞു മാസങ്ങള്‍ക്കു ശേഷമാണ് മിത്രേട്ടനെ കാണുന്നത്. അതേ.., മിത്രേട്ടന്‍ സന്തോഷവാനാണ്. അദ്ദേഹത്തിനും ഭാര്യയ്ക്കും മകളുടെ കുടുംബത്തോടൊപ്പം ഉല്ലാസത്തോടെ കഴിയാന്‍ മതവ്യത്യാസം അതിര്‍വരമ്പു സൃഷ്ടിക്കുന്നില്ല.
മിത്രേട്ടന്റെ കഥ ഇവിടെ ഓര്‍ത്തുപോയത്, ഹാദിയയുടെ പിതാവ് അശോകന്റെ നിലപാടുണ്ടാക്കിയ നിയമയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്. അഖിലയെന്ന പെണ്‍കുട്ടി ബുദ്ധിയുദിക്കാത്ത പ്രായത്തിലല്ല മതം മാറിയത്. പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയ അവള്‍ ഏറെക്കാലത്തെ പഠനത്തിനും ചിന്തയ്ക്കും ശേഷമാണ് തനിക്ക് ആചരിക്കാവുന്ന മതം ഇസ്‌ലാമാണെന്നു തീരുമാനിക്കുന്നത്. അക്കാര്യം വെളിപ്പെടുത്തിയത് ഹാദിയ തന്നെയാണ്.
ഇതിനിടയില്‍ ഹാദിയയും പിതാവും തമ്മിലുണ്ടായ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഏതോ ചാനലില്‍ കേട്ടതായി ഓര്‍ക്കുന്നു. മതം തെരഞ്ഞെടുത്തതിലുള്ള തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴും അവള്‍ ഏറെ സ്‌നേഹത്തോടെയാണു സ്വന്തം പിതാവിനോടു പെരുമാറുന്നത്. അവള്‍ തന്റെ വിശ്വാസം മാത്രമാണു മാറിയത്. കുടുംബബന്ധത്തില്‍ ഒരു മാറ്റവും വരുത്തിയിരുന്നില്ല.
മകളുടെ വിശ്വാസം അടിയുറച്ചതാണെന്നു ബോധ്യപ്പെട്ടാല്‍ അശോകന്‍ ചെയ്യേണ്ടിയിരുന്നത് അത് അംഗീകരിച്ചു സ്വന്തം മകളോടു തങ്ങള്‍ക്കും മകള്‍ക്കു തങ്ങളോടുമുള്ള സ്‌നേഹം നിലനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നില്ലേ. പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ട്. അതിനാല്‍, നിയമപരമായി ഹാദിയ കൈക്കൊണ്ട തീരുമാനം ശരിയാണ്.
അത് അംഗീകരിക്കാന്‍ അശോകന്‍ തയാറായിരുന്നെങ്കില്‍ ഹാദിയയുടെ ജീവിതം ഇത്രയേറെ പരീക്ഷണങ്ങള്‍ നിറഞ്ഞതാകുമായിരുന്നോ. അശോകനും കുടുംബത്തിനും ഇത്രയേറെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരുമായിരുന്നോ.
മകളുടെ മതംമാറ്റമല്ല, അവളെ വിവാഹം കഴിച്ചയാള്‍ക്കു തീവ്രവാദബന്ധമുണ്ടെന്നതാണു തന്നെ അലട്ടുന്ന പ്രശ്‌നമെന്നാണ് ഇപ്പോള്‍ ഹാദിയയുടെ പിതാവു പറയുന്നത്. തെളിയിക്കപ്പെടാത്ത കാലത്തോളം അതൊരു ആരോപണം മാത്രമായിരിക്കുമല്ലോ. അങ്ങനെയൊന്നുണ്ടെങ്കില്‍ അതു തെളിയിക്കാന്‍ ഇവിടെ നിയമസംവിധാനമുണ്ടല്ലോ.
മിത്രേട്ടനില്‍നിന്ന്് അശോകനിലേയ്ക്കുള്ള ദൂരം ഇതാണ്.
മകളുടെ താല്‍പ്പര്യം അടിയുറച്ചതാണെന്നു വ്യക്തമായപ്പോള്‍ അനാവശ്യ വാശിക്കു മുതിരാതെ അവളുടെ ഇംഗിതത്തിനു സമ്മതം മൂളാന്‍ മിത്രേട്ടനു കഴിഞ്ഞു. അതൊരു ചില്ലറക്കാര്യമല്ല. അതിവിശാലമായ മനസ്സും മാനുഷികതയും അതിനുവേണം. അത്തരത്തില്‍ വിശാലമായ സന്മനസ്സുള്ളവര്‍ക്കു ജീവിതത്തില്‍ സമാധാനം കൈവരും.
അതിനു പകരം മകള്‍ക്കെതിരേ കീഴ്‌ക്കോടതിയില്‍ നിന്നാരംഭിച്ച നിയമയുദ്ധം സുപ്രിംകോടതിയിലെത്തിച്ചിട്ടും വാശി വിടാതെ നില്‍ക്കുമ്പോള്‍, തോറ്റാലും ജയിച്ചാലും നഷ്ടപ്പെടുന്നത്, മനസ്സമാധാനമായിരിക്കും, തകരുന്നത് കുടുംബത്തിന്റെ കെട്ടുറപ്പായിരിക്കും.
അശോകനില്‍ നിന്ന് മിത്രേട്ടനിലേയ്ക്ക് ഒരുപാടു ദൂരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."