ഇന്ത്യയും ഫ്രാന്‍സും 14 കരാറുകളില്‍ ഒപ്പുവച്ചു
ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും 14 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു. തന്ത്രപ്രധാന മേഖലകളിലെ സുരക്ഷ, ആണവോര്‍ജം, വിദ്യാഭ്യാസം, പരിസ്ഥിതി, നഗരവികസനം, റെയില്‍വേ അടക്കമുള്ള മേഖലകളെ സംബന്ധിച്ചാണ് കരാര്‍.
കരാര്‍ ഒപ്പുവച്ചതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും തമ്മില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതുസംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി. തുടര്‍ന്ന് നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ-സുരക്ഷാ രംഗത്ത് കൂടുതല്‍ സഹകരണം ഉറപ്പുവരുത്തുമെന്ന് വ്യക്തമാക്കി.
ഭീകരവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയും തീവ്രവാദവും ഇല്ലാതാക്കാന്‍ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും ഇരു നേതാക്കളും പറഞ്ഞു. ഫ്രാന്‍സുമായി തന്ത്രപ്രധാന രംഗത്തെ സഹകരണം നടത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും അതുകൊണ്ടാണ് ഈ രാജ്യവുമായി പ്രതിരോധ, സുരക്ഷാ മേഖലകളില്‍ സഹകരണം ഉറപ്പാക്കാനുള്ള കരാറുകളില്‍ ഒപ്പുവച്ചതെന്നും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പറഞ്ഞു. ഇന്‍ഡോ-പെസഫിക് മേഖലയിലെ സഹകരണം സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വെള്ളിയാഴ്ച രാത്രിയാണ് ഇന്ത്യയിലെത്തിയത്. ഉഭയകക്ഷി സഹകരണം, പ്രതിരോധ, സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നിവയിലും ഊഷ്മളമായ ബന്ധം ഉറപ്പാക്കുകയെന്ന ലക്ഷ്യം വച്ചാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം. ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."