ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
ധാക്ക: ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മണ്‍സൂണ്‍ വെള്ളപ്പൊക്ക, മണ്ണിടിച്ചില്‍ ഭീഷണിയില്‍. അടുത്ത മാസം തുടക്കത്തില്‍ ആരംഭിക്കുന്ന മണ്‍സൂണ്‍ ഒരു ലക്ഷത്തോളം അഭയാര്‍ഥികളെയാണ് ബാധിക്കുകയെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി പറഞ്ഞു. ജൂലൈ മാസത്തില്‍ കാലവര്‍ഷം ശക്തമാവും.
ഇവരില്‍ ഭൂരിഭാഗവും അടച്ചുറപ്പില്ലാത്ത മുള, പ്ലാസ്റ്റിക് തുടങ്ങിയവ കൊണ്ട് കെട്ടിയുണ്ടാക്കിയ വീടുകളിലാണ് താമസിക്കുന്നത്. ബംഗ്ലാദേശില്‍ ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടാവുന്ന പ്രദേശങ്ങളിലാണ് അഭയാര്‍ഥികള്‍ക്കായി ക്യാംപുകള്‍ നിര്‍മിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന കുതുപലോങ്-ബലോകലി ക്യാംപ് സ്ഥിതി ചെയ്യുന്നത് മണ്‍സൂണ്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രദേശത്താണ്. 85,000 അഭയാര്‍ഥികളാണ് ഇവിടെ താമസിക്കുന്നതെന്നാണ് യു.എന്‍ കണക്ക്. മണ്‍സൂണ്‍ അപകടത്തില്‍ നിന്ന് സംരക്ഷിക്കാനായി 123 ഏക്കര്‍ സ്ഥലം നിരപ്പാക്കുന്ന പ്രവൃത്തി ബംഗ്ലാദേശ് സര്‍ക്കാര്‍ ആരംഭിച്ചുവെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി വക്താവ് കാര്‍ലിയോ ഗ്ലക്ക് പറഞ്ഞു.
അഭയാര്‍ഥി ക്യാംപുകളിലെ 1.33.000 പേരെ മാറ്റിത്താമസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന് ബംഗ്ലാദേശ് ദുരന്ത നിവാരണ ഏജന്‍സി സെക്രട്ടറി ഷാ കമാല്‍ പറഞ്ഞു. പ്രകൃതി ദുരന്ത മുന്നറിയിപ്പ് നല്‍കാനായി റോഹിംഗ്യന്‍ ഭാഷയിലെ ഒരു റേഡിയോ സ്റ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്.
ഒരു ലക്ഷത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികളെ ബംഗാള്‍ ഉള്‍ക്കടലിലെ വിജന ദ്വീപിലേക്ക് മാറ്റുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. കാലവര്‍ഷ ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രദേശം കൂടിയാണിത്.
വെള്ളപ്പൊക്കങ്ങള്‍ രോഗങ്ങളുടെ വ്യാപനത്തിന് കാരണമാവും. നിലവില്‍ ആവശ്യമായ ശുചിത്വമില്ലാതെ കഴിയുന്ന ക്യാംപുകളില്‍ ഇത് പ്രയാസങ്ങള്‍ സൃഷ്ടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."