വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യം: ദിലീപിന്റെ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ മുന്‍ നിശ്ചയിച്ച പ്രകാരം 14ന് തുടങ്ങരുതെന്നാവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ 14നു വിചാരണ നടക്കാനിരിക്കെയാണ് ഹൈക്കോടതിയില്‍ ദിലീപ് ഹരജി സമര്‍പ്പിച്ചത്.
14ന് കേസിലെ എല്ലാപ്രതികളോടും ഹാജരാകാന്‍ വിചാരണ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസിലെ പ്രതിയെന്ന നിലക്ക് തനിക്ക് ഇതുവരെ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും രേഖകള്‍ ലഭ്യമാക്കിയതിനുശേഷമെ വിചാരണ ആരംഭിക്കാവൂ എന്നുമാണ് ഹരജിയിലെ ആവശ്യം. പ്രതിയെന്ന നിലയിലുള്ള തന്റെ അവകാശങ്ങള്‍ പരിഗണിക്കണമെന്നും ഹരജിയിലുണ്ട്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നേരത്തെ ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍, ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന് അങ്കമാലി കോടതി വ്യക്തമാക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറിയാല്‍ ആക്രമിക്കപ്പെട്ട നടിയുടെ സുരക്ഷയെ ബാധിക്കുമെന്ന പ്രോസിക്യൂഷന് നിലപാട് അംഗീകരിച്ചുകൊണ്ടാണ് അങ്കമാലി കോടതി ദിലീപിന്റെ ഹരജി തള്ളിയത്. എന്നാല്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളൊഴികെ സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍വിളി വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും പ്രതികള്‍ക്ക് നല്‍കിയിട്ടുണ്ട്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ ആരോപണം. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി അങ്കമാലി കോടതി തള്ളിയതിനെതുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് ഈ ഹരജിക്കൊപ്പം വിചാരണ ഉടന്‍ തുടങ്ങരുതെന്ന ഹരജിയും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."