ഉഴപ്പി രക്ഷപ്പെടാമെന്ന് ഉദ്യോഗസ്ഥര്‍ ധരിക്കേണ്ട: മുഖ്യമന്ത്രി
ചെറുവത്തൂര്‍: അഴിമതിയിലും കെടുകാര്യസ്ഥതയിലും വ്യാപരിക്കുന്നവരെ സര്‍ക്കാര്‍ ഗൗരവമായി നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പണ്ടത്തെ പോലെ ഉഴപ്പി രക്ഷപ്പെടാമെന്ന് ഉദ്യോഗസ്ഥന്മാര്‍ ധരിക്കരുത്. അഴിമതി തുടച്ചുനീക്കാന്‍ ജനങ്ങളും സര്‍ക്കാരും നാടും ശ്രമിക്കുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ ഉണ്ടാകും. അത്തരക്കാരെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിനും കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി നടത്തുന്നവരോട് യാതൊരു ഇളവോ വിട്ടുവീഴ്ചയോ ഉണ്ടാകുമെന്ന് ആരും ചിന്തിക്കേണ്ടതില്ല. ഇക്കാര്യം വ്യക്തമായതോടെ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ അത്തരം ഏര്‍പ്പാടുകളില്‍നിന്ന് പിന്‍വാങ്ങുകയാണ്.
ഇതൊന്നും പെട്ടെന്ന് അവസാനിക്കുമെന്ന് കരുത്തുന്നില്ലെങ്കിലും പുതിയ തൊഴില്‍ സംസ്‌കാരം ജനങ്ങളുടെ പിന്തുണയോടെ വളര്‍ത്തിക്കൊണ്ടുവരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. റോഡ്, പാലം ഉള്‍പ്പെടെ 10,000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തികളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ബജറ്റില്‍ അനുവദിച്ച തുക മാത്രമാണ്.പൊതുമരാമത്ത് വകുപ്പ് മാത്രം 24,390 കോടി രൂപയുടെ 561 നിര്‍മാണ പ്രവര്‍ത്തികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കിഫ്ബിയിലൂടെയാണ് ഈ പണം കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പശ്ചാത്തല സൗകര്യ വികസനത്തിന് ദീര്‍ഘകാല പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതത് നിയോജക മണ്ഡലങ്ങളിലെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാകും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
സംസ്ഥാനത്ത് അപകടാവസ്ഥയിലായ 155 പാലങ്ങളും കലുങ്കുകളും പുതുക്കി പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് രൂപം നല്‍കി വരുകയാണ്. നിര്‍മാണത്തിലെ അപാകത, മേല്‍നോട്ടത്തിലെ വീഴ്ച, അശാസ്ത്രീയത എന്നിവ കാരണം റോഡുകളും പാലങ്ങളും കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തകരുന്നുണ്ട്.
ഇനി അത്തരം വീഴ്ചകള്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ ജാഗ്രതയുള്ള സമീപനമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."