മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം യാഥാര്‍ഥ്യമാകാന്‍ കടമ്പകളേറെ
ചേവായൂര്‍: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം യാഥാര്‍ഥ്യമാകാന്‍ കടമ്പകളേറെ. സര്‍ക്കാരും ആക്ഷന്‍ കമ്മിറ്റിയും രണ്ടു വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ റോഡ് വികസനമെന്ന സ്വപ്നം വിദൂരത്താവുകയാണ്. 15 വര്‍ഷം മുന്‍പ് തുടക്കമിട്ട പദ്ധതി ഒന്നാംഘട്ടം പോലും പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ രണ്ടാംഘട്ട സമരവുമായി മുന്നോട്ടു പോവുകയാണ് സമരസമിതി. ഒന്നാംഘട്ടം പൂര്‍ത്തീകരണം എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ണമാവുകയാണ്. 196 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കി ഭൂമി വിട്ടുനല്‍കിയത്. മുന്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച 64 കോടിയും ഈ സര്‍ക്കാര്‍ അനുവദിച്ച 50 കോടിയുമായി 114 കോടി രൂപ ഇവര്‍ക്ക് നല്‍കിക്കഴിഞ്ഞു എന്നാണ് ആക്ഷന്‍ കമ്മിറ്റി നല്‍കുന്ന വിവരം.
അസ്സല്‍ രേഖകള്‍ കൈമാറി ഭൂമി വിട്ടുനല്‍കാന്‍ തയാറായി നില്‍ക്കുന്നവര്‍ക്ക് നല്‍കാന്‍ 112 കോടി അടിയന്തരമായി ലഭിക്കേണ്ടതുണ്ട്. ഇതിന് ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. ഈ പ്രശ്‌നം പരിഹരിച്ചാല്‍ തന്നെ ഇതുവരെ വിട്ടു നല്‍കാത്തവരില്‍ നിന്ന് ഭൂമി പിടിച്ചെടുക്കാന്‍ ആവശ്യമായ ലാന്‍ഡ് അക്വസിഷന്‍ നടപടി പൂര്‍ത്തിയാക്കണം. സിവില്‍ സ്റ്റേഷനടക്കമുള്ള സര്‍ക്കാര്‍ ഭൂമി മതില്‍ കെട്ടി റോഡിന് വിട്ടു നല്‍കുകയെന്ന നടപടിയും ഉണ്ടായിട്ടില്ല. എന്‍. പ്രശാന്ത് ജില്ലാ കലക്ടറായിരിക്കെ മതില്‍ കെട്ടാന്‍ നാലു കോടി അനുവദിച്ചിരുന്നങ്കിലും ചെലവഴിക്കാതെ തിരിച്ചയക്കുകയായിരുന്നു.
കൂടാതെ കച്ചവടക്കാരുടെയും തൊഴിലാളികളുടെയും പുനരധിവാസവും സാധ്യമാക്കണം. ഇതുകൂടി പൂര്‍ത്തിയാകുമ്പോഴേ നഗരപാതാ വികസനം യാഥാര്‍ഥ്യമാകൂ. എല്ലാ കാര്യങ്ങളും നടക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.പി വാസുദേവന്‍ പറയുമ്പോഴും സര്‍ക്കാരിന്റെ താല്‍പര്യക്കുറവ് പദ്ധതിയുടെ വേഗതക്ക് തടസമാവുകയാണ്. 2003ല്‍ അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതോടെയാണ് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് തുടക്കമായത്. തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ 52 കോടി സ്ഥലമേറ്റെടുക്കുന്നതിനായി പ്രഖ്യാപിച്ചെങ്കിലും ശിലാസ്ഥാപനം നടന്നതൊഴിച്ചാല്‍ മന്ത്രിസഭയുടെ കാലാവധി കഴിയും വരെ ഒരു പ്രവൃത്തിയുമുണ്ടായില്ല. 2013ല്‍ എം.കെ രാഘവന്‍ എം.പിയുടെ ഇടപെടല്‍ കാരണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഒരു അടിയന്തര യോഗം വിളിച്ചു ചേര്‍ത്തതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചത്. പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്, മന്ത്രി എം.കെ മുനീര്‍, എം.കെ രാഘവന്‍ എം.പി, എ. പ്രദീപ്കുമാര്‍ എം.എല്‍.എ തുടങ്ങിയവരും ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 2014ല്‍ സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുന്ന നടപടികളും സ്വീകരിച്ചു. ഭൂമിയേറ്റെടുക്കുന്നതിലേക്കായി 64 കോടി രൂപയും ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
തുടര്‍ന്ന് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ റോഡ് വികസനം പൂര്‍ണമായി ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നു. ധനകാര്യ മന്ത്രിയും എം.എല്‍.എയും ആദ്യഘട്ടത്തില്‍ ഏറെ താല്‍പര്യമെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. ആക്ഷന്‍ കമ്മിറ്റിയുടെ സമരത്തെ തുടര്‍ന്ന് 50 കോടി നല്‍കി. എന്നാല്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിയില്‍ നിന്ന് അവര്‍ പിന്നാക്കം പോകുന്നതാണ് പിന്നീട് കണ്ടത്. അടിയന്തര സ്വഭാവത്തോടെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ഫണ്ടും നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. സംസ്ഥാന ബജറ്റിലും ഇക്കാര്യം പരാമര്‍ശിച്ചില്ല.
ഇതോടെ റോഡ് വികസന കമ്മിറ്റിയും സര്‍ക്കാരും അകല്‍ച്ചയിലായി. എം.ജി.എസിന്റെ നേതൃത്വത്തില്‍ സമരസമിതി അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിക്കുകയും ചെയ്തു. പദ്ധതി യാഥാര്‍ഥ്യമാകാന്‍ നിരവധി കടമ്പകള്‍ മുന്നിലുള്ളപ്പോഴും കൂട്ടുത്തരവാദിത്തം ഇല്ലെന്നത് കൂടുതല്‍ തിരിച്ചടിയാകുന്നുണ്ട്. 15 വര്‍ഷം പിന്നിട്ടിട്ടും പ്രാരംഭ ദിശപോലും പിന്നിടാത്ത പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരും റോഡ് വികസനസമിതിയും ഉദ്യോഗസ്ഥരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നാണ് ജനത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."