പള്ളത്തൂര്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തി തുടങ്ങി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
ദേലംപാടി: അപകടാവസ്ഥയിലായ പള്ളത്തൂര്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തി തുടങ്ങി. നവംബര്‍ 24നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 7.58 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
രണ്ടുവരി ഗതാഗതത്തിനു സൗകര്യമാകുംവിധം ഏഴരമീറ്റര്‍ വീതിയിലാണ് പാലം നിര്‍മിക്കുന്നത്. ഇരുവശങ്ങളില്‍ നടപ്പാതയും നിര്‍മിക്കും. ദേലംപാടി പഞ്ചായത്തിനെ കര്‍ണാടകത്തിലെ ഈശ്വരമംഗലവുമായി ബന്ധിപ്പിക്കുന്നതും ദേലംപാടി, ഊജംപാടി പ്രദേശത്തുള്ളവര്‍ക്ക് കാസര്‍കോട് നഗരത്തിലെത്തുന്നതിനും അഡൂരിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളിലെത്തുന്നതിനും ഏക ആശ്രയം ഈ പാലമാണ്.
നിലവിലുള്ള കൈവരികളില്ലാത്ത പാലം മഴക്കാലത്ത് വെള്ളം നിറഞ്ഞു കവിഞ്ഞു വാഹനയാത്രക്കാര്‍ക്കു പാലം കാണാന്‍ കഴിയാത്തതിനാല്‍ നിരവധി അപകടങ്ങളാണു നടന്നത്. രണ്ടു വര്‍ഷം മുമ്പു മഴക്കാലത്ത് ഈ പാലത്തില്‍ അപകടത്തില്‍പ്പെട്ട് കുമ്പളയിലെ എ.എസ്.ഐ മരിച്ചിരുന്നു.
പള്ളത്തുപാറ അഡൂരിലെ പാണ്ടി റോഡിലുളള പള്ളത്തൂര്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുളള വാഹന ഗതാഗതത്തിന് ഇന്നു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ ഗാളിമുഖ കറന്നൂര്‍ പഞ്ചോടി റോഡ് വഴി പോകണമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."