മസില് പെരുമയില്‍ മനം നിറച്ച് മട്ടാഞ്ചേരി
മട്ടാഞ്ചേരി: ശരീര സൗന്ദര്യ മത്സരത്തില്‍ ദേശീയ, അന്തര്‍ദേശീയ രംഗത്ത് ശ്രദ്ധാകേന്ദ്രങ്ങളായി മാറുകയാണ് മട്ടാഞ്ചേരി സ്വദേശികളായ രണ്ടു പേര്. അനസ് ഹുസൈയില് ,അശ്വിന് ഷെട്ടി എന്നീ ബോഡി ബില്‍ഡര്‍മാരാണ് യുവാക്കള്‍ക്കിടയില്‍ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്.കഴിഞ്ഞ ദിവസം കല്‍ക്കത്തയില്‍ നടന്ന മിസ്റ്റര്‍ ഇന്ത്യന്‍ റെയില്‍വെ മത്സരത്തില്‍ രണ്ടു പേരും സ്വര്‍ണം കരസ്ഥമാക്കി.
70 കിലോഗ്രാം ശരീരഭാര വിഭാഗത്തില്‍ അനസും 75 കിലോഗ്രാം വിഭാഗത്തില്‍ അശ്വിനും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ അത് മട്ടാഞ്ചേരി നിവാസികളുടെ സുവര്‍ണ നേട്ടങ്ങളില്‍ ഒന്നായി മാറി.
കഴിഞ്ഞവര്‍ഷം ചൈനയില്‍ നടന്ന മിസ്റ്റര്‍ ഏഷ്യ ശരീര സൗന്ദര്യ മത്സരത്തില്‍ അനസ് ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയിരുന്നു. മിസ്റ്റര്‍ ഇന്ത്യ, മിസ്റ്റര്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ,മിസ്റ്റര്‍ കേരള, മോസ്റ്റ് മസക്കുലര്‍ മെന്‍ ഓഫ് കേരള ,മിസ്റ്റര്‍ എം.ജി.യൂണിവേഴ്സിറ്റി എന്നിങ്ങനെ പോകുന്നു അനസ് കരസ്ഥമാക്കിയ ടൈറ്റലുകള്‍.
ജൂനിയര്‍ മിസ്റ്റര്‍ ഇന്ത്യ ,മിസ്റ്റര്‍ കേരള ,മോസ്റ്റ് മസ്കുലര്‍ മെന്‍ ഓഫ് കേരള എന്നിവക്ക് പുറമെ നാലു തവണ മിസ്റ്റര്‍ എം.ജി യൂണിവേഴ്സിറ്റി ടൈറ്റിലും അശ്വിന് സ്വന്തമാക്കിയിട്ടുണ്ട്. കായിക മികവിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും ഇന്ത്യന്‍ റെയില്‍വേയില്‍ ജോലിയും ലഭിച്ചു.
ശരീര സൗന്ദര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഇരുവരുടെയും കായിക മികവുകള്‍. കൊച്ചിന് ജിംനേഷ്യത്തില്‍ നിന്നും എം.എം.സലീമിന്റെ പരിശീലനത്തില്‍ ഗുസ്തിയിലാണ് ഇരുവരും ആദ്യം കായിക രംഗത്ത് എത്തുന്നത്.
സംസ്ഥാനത്തെ ഏറ്റവും ശക്തനായ ഗുസ്തിക്കാരന് നല്കുന്ന കേരള കേസരി പട്ടം 2010ല്‍ അനസിന് ലഭിച്ചിട്ടുണ്ട്. അഞ്ചു തവണ ദേശീയ ഗുസ്തി മത്സരത്തില്‍ കേരളത്തിന്റെ ജേഴ്സി അണിഞ്ഞിട്ടുണ്ട് .രണ്ടു തവണ കേരള ടീം ക്യാപ്റ്റന്‍ ആയിരുന്നു. വെയിറ്റ് ലിഫ്റ്റിംഗ് ,ജൂഡോ എന്നീ കായിക ഇനങ്ങളില്‍ മഹാത്മാഗാന്ധി സര്‍വകലാശാല സ്വര്‍ണ മെഡല്‍ ജേതാവു കൂടിയാണ്.
അശ്വിന് രണ്ടു തവണ ദേശീയ ഗുസ്തി മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ജൂഡോ, വെയിറ്റ് ലിഫ്റ്റിംഗ് ,കബഡി ,പവര്‍ലിഫ്റ്റിങ് എന്നിവയില്‍ യൂണിവേഴ്സിറ്റി മെഡല്‍ ജേതാവുകൂടിയാണ്. ഇരുവരുടെയും ശാരീരിക മികവ് മനസിലാക്കി പരിശീലകന് സലീം തന്നെ ഇരുവരേയും ബോഡി ബില്‍ഡിങിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."