കൊടും വെയില് കൊള്ളല്ലേ, കടകളില്‍ നിന്ന് കുടിക്കല്ലേ... വേനലില്‍ മുന്‍കരുതല്‍ നിര്‍ദേശവുമായി ഡോക്ടര്‍മാര്‍
തിരൂര്‍: വേനല്‍ രൂക്ഷമായി തുടങ്ങുന്നതോടെ കൊടും ചൂടിലേക്ക് നാട് നീങ്ങുമ്പോള്‍ മുന്‍കരുതല്‍ നിര്‍ദേശവുമായി ഡോക്ടര്‍മാര്‍. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും ജീവഹാനിയ്ക്കും വരെ ഇടയാക്കുന്ന കൊടും ചൂടില്‍ നിന്നും സൂര്യതാപത്തില്‍ നിന്നും രക്ഷ നേടാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തിരൂര്‍ ജില്ലാ ആശുപത്രി ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കി. തുറസ്സായ ഇടങ്ങളില്‍ ജോലി ക്രമീകരണം വരുത്തി കൊടും വെയില് കൊള്ളാതെ സൂക്ഷിച്ചും തിളപ്പിച്ചാറിയ വെള്ളം മാത്രം കഴിച്ചും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കൈകൊള്ളണമെന്നാണ് മുന്‍കരുതല്‍ നിര്‍ദേശം. വേനലില്‍ ജലലഭ്യത കുറയുന്നതിനാല്‍ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ആവശ്യത്തിന് ജലം ലഭ്യമാകില്ല. അത്തരമൊരു അവസ്ഥയില്‍ കച്ചവടക്കാര്‍ പുറമെ നിന്ന് ജലമെത്തിച്ച് ഉപയോഗിക്കും. അതിനാല്‍ ജലത്തിന്റെ പരിശുദ്ധി വേണ്ട രീതിയില്‍ പലപ്പോഴും ഉറപ്പാക്കാനാകില്ല. വേനലില്‍ കടകളില്‍ നിന്നുള്ള ശീതളപാനീയങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. വേനലില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടിയാലോചനാ യോഗത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ: വി വിനോദ്, ഡോ: എന്‍ ഹക്കീം, ഡോ: കൃഷ്ണദാസ്, ഡോ: കെ, പ്രശാന്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."