നോക്കുകുത്തിയായി ഒലവക്കോട് കവലയിലെ സിഗ്നല്‍
ഒലവക്കോട്: നഗരത്തിന്റെ പ്രവേശനകവാടവും ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ നിലകൊള്ളുന്നതുമായ ഒലവക്കോട് പട്ടണത്തില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച സിഗ്നല്‍ സംവിധാനങ്ങള്‍ പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലും നാളുകള്‍ കഴിഞ്ഞതോടെ പഴയപടിയായിരിക്കുകയാണ്. ഇതോടെ ജങ്ഷനിലെ ഗതാഗതം താറുമാറായിരിക്കുകയാണ്. സിഗ്നല്‍ ഇല്ലാത്തതിനാല്‍ ചീറിപാഞ്ഞും വരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുന്നത് ജീവന്‍ പണയം വെച്ചാണ്.
കോഴിക്കോട് ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും കെ.എസ്.ആര്‍ടി.സികളും റോഡിനു മുന്നില്‍ നിര്‍ത്തിയാണ് അഭ്യാസപ്രകടനം അടുത്തകാലത്തായി ജങ്ഷനിലെ റോഡുനവീകരണം നടത്തിയെങ്കിലും സിഗ്നല്‍ സംവിധാനങ്ങളെപ്പറ്റി അധികൃതര്‍ അറിഞ്ഞ മട്ടില്ല. സിഗ്നല്‍ സ്ഥാപിച്ച സ്വകാര്യ കമ്പനിയാകട്ടെ പരസ്യത്തിലൂടെ ലക്ഷങ്ങളാണ് പ്രതിമാസം കൊയ്യുന്നത്. സദാസമയം മഞ്ഞയും പച്ചയും കത്തി നാളുകള്‍ തള്ളിനീക്കുന്ന സിഗ്നലുകളെ നോക്കി യാത്ര ചെയ്യാനാണ് ഒലവക്കോട്ടെത്തുന്ന വാഹനയാത്രക്കാരുടെ വിധി.
റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനുകള്‍ എത്തുന്ന സമയത്ത് ഒലവക്കോട് കവലയില്‍ ഗതാഗതക്കുരുക്ക് പതിവാണ്. രാവിലെയും സന്ധ്യാസമയത്തും സ്ഥിതി ദയനീയമാണ്. സിഗ്നല്‍ പ്രവര്‍ത്തന രഹിതമായതോടെ വാഹനങ്ങള്‍ സദാസമയവും തലങ്ങും വിലങ്ങും പോകുന്ന കാഴ്ചയാണ്. ഇതിനുപുറമെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങും മരണപ്പാച്ചിലും യാത്രക്കാര്‍ക്ക് ദുരിതം വിതക്കുകയാണ്. റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തുനിന്നും ചുണ്ണാമ്പുത്തറ ഭാഗത്തേക്ക് തിരിച്ചുമുള്ള വാഹനങ്ങളാണ് സിഗ്നലുകളുടെ അഭാവത്തില്‍ വട്ടം കറങ്ങുന്നത്. തിരക്കേറിയ കവലയിലൂടെ രാപകലന്യേ ആയിരക്കണക്കിനു വാഹനങ്ങളാണ് കടന്നുപോവുന്നത്.
ഇത്രയേറെ വാഹനങ്ഹള്‍ കടന്നുപോവുന്ന പ്രധാന ജങ്ഷനിലെ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തനരഹിതമായിട്ടും നഗരസഭയോ ഗതാഗതവകുപ്പോ ആര്‍.ടി.ഒ വിഭാഗമോ നടപടിക്കു തയ്യാറായിട്ടില്ല. ഇതുമൂലം തിരക്കേറിയ സമയത്ത് ഒലവക്കോട് കവലയില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പൊലിസുകാര്‍ പാടുപെടുന്ന സ്ഥിതിയാണ്. ലക്ഷങ്ങള്‍ മുടക്കി കവലയിലെ ഗതാഗത സംവിധാനം സുഗമമാക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം പ്രവര്‍ത്തനസജ്ജമാക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."