അഖ്ലാക്കിന്റെ വീട്ടില്‍ ഇറച്ചി ഉണ്ടായിരുന്നില്ലെന്ന് പൊലിസ്
നോയിഡ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാക്കിന്റെ വീട്ടില്‍ ഇറച്ചി ഉണ്ടായിരുന്നില്ലെന്ന് പൊലിസ് റിപ്പോര്‍ട്ട്. ഇറച്ചിയുടെ സാംപിള്‍ പൊലിസിനു കിട്ടിയത് അഖ്ലാക്കിന്റെ വീടിനടുത്തുള്ള ജങ്ഷനില്നിന്നാണെന്ന് ഒരു ദേശീയ പത്രം റിപ്പോര്‍ട്ടുചെയ്തു. സംഭവത്തെകുറിച്ച് അന്വേഷിച്ച ഗൗതം ബുധ് നഗര്‍ പൊലിസ് ആണ് അഖ്ലാക്കിന്റെ വീടിനടുത്തുള്ള ജങ്ഷനില്നിന്നാണെന്ന് ഇറച്ചി കിട്ടിയതെന്ന റിപ്പോര്‍ട്ട് നല്‍കിയത്.
ഇതേ ഇറച്ചിയാണ് വെറ്ററിനറി ഹോസ്പിറ്റലില്‍ സര്‍ക്കാര്‍ പരിശോധനയ്ക്ക് അയച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച വെറ്ററിനറി ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ട് അഖ്ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയായിരുന്നുവെന്നാണ്.
അതേ സമയം അഖ്ലാക്കിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയത് ബീഫ് തന്നെയാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. വെറ്ററിനറി വകുപ്പിനു കീഴിലുള്ള മധുര വെറ്ററിനറി ഫോറന്‍സിക് ലാബാണ് പരിശോധന നടത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ പശുവിന്റെയോ പശു കിടാവിന്റെയോ മാംസമാണെന്നായിരുന്നു സ്ഥിരീകരണം.
ആദ്യം നല്കിയ ഇറച്ചിയുടെ സാംപിള്‍ അല്ലാതെ മറ്റൊന്നും തങ്ങള്‍ ഫോറന്സികിനൊ വെറ്ററിനറി ഓഫിസര്ക്കൊ നല്‍കിയിട്ടില്ലെന്ന് ഇന്നലെ സ്ഥലംമാറിപ്പോയ ഗൗതം ബുധ് നഗര്‍ എസ്എസ്പി എസ് കിരണ്‍ പറഞ്ഞു.
ഒരേ ഇറച്ചി സാംപിളില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വരുന്നതെങ്ങിനെയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്ന ചോദ്യം.
പ്രദേശത്തുനിന്നു കാണാതായ പശുവിന്റെ ഇറച്ചി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് മുഹമ്മദ് അഖ്ലാഖിനെ ഗ്രാമവാസികള്‍ തല്ലിക്കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."